ആലപ്പുഴ: പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മുതിര്‍ന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള സിപിഎം ശ്രമം ഫലം ചെയ്തില്ല. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഉന്നത കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയാണ് സുധാകരനെ ചേര്‍ത്തുപിടിക്കാന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജനപിന്തുണയുള്ള നേതാവിനെ അകറ്റി നിര്‍ത്തുന്നത് ഗുണം ചെയ്യില്ലെന്ന് കണ്ടാണ് നടപടി.
എന്നാല്‍ ജില്ലയിലെ സിപിഎമ്മിനെ നിയന്ത്രിക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗമായ മന്ത്രി സജി ചെറിയാനെതിരെ ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ രൂക്ഷവിമര്‍ശനം സുധാകരന്‍ ആവര്‍ത്തിച്ചു. വിവാദമായ മലപ്പുറം പരാമര്‍ശത്തിലാണ് മന്ത്രിക്കെതിര സുധാകരന്‍ തുറന്നടിച്ചത്. ഇത്തരം പ്രസ്താവന നടത്തുന്നവര്‍ മൂക്കാതെ പഴുത്തവരാണ്.
മന്ത്രിപദവിയിലെത്താന്‍ യോഗ്യത ഉണ്ടോ എന്ന് സ്വയം ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. പവര്‍ത്തനങ്ങളില്‍ സജീവമാകും. മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും പ്രതികരിച്ചു. പാര്‍ട്ടിക്കും സമൂഹത്തിനുമെല്ലാം ദോഷകരമാകുന്ന, വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകള്‍ ആരില്‍ നിന്നെങ്കിലും വരുന്നുണ്ടെങ്കില്‍ വിളഞ്ഞല്ല പഴുത്തത് എന്ന് കരുതിയാല്‍ മതി. വിളയാതെ പഴുത്തതാ. സ്വയം ഉള്ളിലോട്ട് നോക്കട്ടെ. താന്‍ ഈ പോസ്റ്റ് വരെ വരാന്‍ യോഗ്യനാണോയെന്ന് സ്വയം നോക്കട്ടെ. ആണെങ്കില്‍ ആ യോഗ്യത നിലനിര്‍ത്തട്ടെ എന്നതല്ലാതെ ആരെപ്പറ്റിയും ഒന്നും പറയാനില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. സജി ചെറിയാന്റെ പേര് പറയാതെയായിരുന്നു സുധാകരന്റെ വിമര്‍ശനം.
കഴിഞ്ഞ ദിവസമാണ് സുധാകരനെ നിയമസഭ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ആറംഗ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയിലാണ് ഉള്‍പ്പെടുത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മന്ത്രി സജി ചെറിയാന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ബി. ചന്ദ്രബാബു, കെ. പ്രസാദ്, ആര്‍. നാസര്‍, കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ കെ.എച്ച്. ബാബുജാന്‍ എന്നിവരാണ് കമ്മിറ്റിയിലുള്ളത്. ഇവര്‍ക്കൊപ്പമാണ് ബ്രാഞ്ച് കമ്മിറ്റി അംഗത്വം വഹിക്കുന്ന ജി. സുധാകരനെയും ഉള്‍പ്പെടുത്തിയത്. ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ ആരായിരിക്കണം, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ രീതിയില്‍ മുന്നോട്ടുകൊണ്ടു പോകണം, തയാറെടുപ്പുകള്‍ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിക്കും.
കുളിമുറിയില്‍ വീണ് കാലിന് പരിക്കേറ്റ ജി. സുധാകരന്‍ വീട്ടില്‍ വിശ്രമത്തിലാണ്. ഏറെക്കാലമായി സുധാകരനെ പാര്‍ട്ടി നേതൃത്വം പൂര്‍ണമായും അവഗണിക്കുകയായിരുന്നു. ഏരിയ, ജില്ലാ സമ്മേളനങ്ങളില്‍ പോലും സുധാകരനെ അടുപ്പിച്ചില്ല. കൃഷ്ണപിള്ള അനുസ്മരണ പരിപാടിയില്‍ പങ്കെടുപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് സുധാകരന്‍ വലിയചുടുകാട്ടില്‍ തനിച്ചെത്തി പുഷ്പാര്‍ച്ചന നടത്തിയത് പാര്‍ട്ടിയിലും പുറത്തും ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള അനുനയ ശ്രമം.















