കണ്ണൂര്‍ : രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ സി പി എം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ നടപടി ഞായറാഴ്ച ഉണ്ടാകുമെന്ന് സൂചന. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ചേര്‍ന്ന് നടപടി തീരുമാനമെടുക്കും.
കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് സാധ്യത. മേല്‍ കമ്മിറ്റിയുടെ അനുമതിയോടെയാകും നടപടി പ്രഖ്യാപിക്കുക.
അതേസമയം,പാര്‍ട്ടി തിരുത്താനായാണ് താന്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്ന് വി കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു.തെറ്റ് സംഭവിക്കുമ്പോള്‍ വിമര്‍ശനത്തിലൂടെ അത് തിരുത്തിക്കുക എന്നത് ഓരോ സഖാവിന്റേയും ഉത്തരവാദിത്തമാണെന്നാണ് വിശ്വാസം.തിരുത്തിയില്ലെങ്കില്‍ ബംഗാളിലെ അവസ്ഥ പാര്‍ട്ടിക്ക് കേരളത്തിലുമുണ്ടാകും. തനിക്കെതിരെ ശക്തമായ സൈബര്‍ ആക്രമണം നടക്കുന്നതായി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം. തെളിവ് ഉള്‍പ്പെടെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ആരോപണ വിധേയരെ സംരക്ഷിക്കുകയായിരുന്നുവെന്ന് വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
















