കൊച്ചി: അറിയപ്പെടുന്ന നാടകലാകാരനും ഗാനരചയിതാവുമായ കെ വി വിജേഷ് അന്തരിച്ചു. 49വയസായിരുന്നു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക നാടക പരിശീലത്തിനിടെ അപ്രതീക്ഷിതമായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാടക രചയിതാവ്, സംവിധായകൻ, അഭിനയ പരിശീലകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വിജേഷ്.
കോഴിക്കോട് സ്വദേശിയായായ വിജേഷ് സ്കൂൾ ഓഫ് ഡ്രാമയിലെ പഠനശേഷമാണ് നാടക മേഖലയിലേക്ക് കടന്നുവരുന്നത്. ചലച്ചിത്ര നടിയും നാടകപ്രവർത്തകയുമായ കബനിയാണ് ഭാര്യ വിവാഹ ശേഷം ഭാര്യ കബനിക്കൊപ്പം തീയേറ്റർ ബീറ്റ്സ് എന്ന പേരിൽ ഗ്രൂപ്പ് തുടങ്ങി നിരവധി വിദ്യാർഥികൾക്ക് നാടകപരിശീലനം നൽകി. നിരവധി സിനിമകൾക്കുവേണ്ടി അഭിനയ പരിശീലന കളരികളുടെ നേതൃത്വം വഹിച്ചു. ഏകമകൾ സൈറ.
അവിര റബേക്ക സംവിധാനം ചെയ്ത തകരച്ചെണ്ട എന്ന സിനിമയിലെ ഗാനം രചിച്ചുകൊണ്ടാണ് ആദ്യമായി വിജേഷ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. ഫിലിപ്പ് ആൻഡ് ദി മങ്കിപെൻ, മാൽഗുഡി ഡെയ്‌സ്, മൈ ഗോഡ്, മൈ ഗ്രേറ്റ് ഫാദർ, ഗോൾഡ് കോയിൻ, പുള്ളിമാൻ, ആമി, ക്ലിന്റ് തുടങ്ങിയ ചിത്രങ്ങളുടേയും ഭാഗമായി. മലയാളികൾ നെഞ്ചോടു ചേർത്ത ഒരുപിടി മികച്ച ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് വിജേഷ്.











