പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും സംസാരിച്ചിരിക്കുന്ന ഫോട്ടോ ചില നിഗൂഢ രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയാണോ?. ഇരുവരുടെയും ശരീര ഭാഷകള്‍ വിരല്‍ചൂണ്ടുന്നത് അതിലേക്കാണ്. കടകംപള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ബംഗളൂരു വിമാനത്താവളത്തില്‍ ഇരുവരും ഇരുന്ന് സംസാരിക്കുന്ന ചിത്രം.
എന്തിനാണ് ഇവര്‍ ബംഗളൂരുവിലേക്ക് പോയത് എന്നതാണ് പ്രധാന ചോദ്യം. ഇരുവരും ഗൗരവകരമായ എന്തോ കാര്യം സംസാരിക്കുന്നതായാണ് ഫോട്ടോ വ്യക്തമാക്കുന്നത്. ഇതില്‍ സംസാരിക്കുന്നത് ആരാണെന്ന് വ്യക്തമല്ലെങ്കിലും ഒരാള്‍ മറ്റൊരാളുടെ വാക്കിനെ അതീവ ഗൗരവത്തോടെ കേള്‍ക്കുന്നു എന്നത് ഉറപ്പാണ്. ഇരുവരും കസേരയുടെ അറ്റത്താണ് ഇരിക്കുന്നത്. ഒരാള്‍ ശബ്ദം താഴ്‌ത്തി പറയുന്നത് നന്നായി കേള്‍ക്കാനാണിതെന്നത് തീര്‍ച്ച.
ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണാണ് ഒരു മാസം മുമ്പ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ബംഗളൂരു ശ്രീരാംപുരയിലുള്ള ഫഌറ്റിലാണ് പോറ്റിയും കുടുംബവും താമസിച്ചിരുന്നത്. മന്ത്രിയായിരുന്ന കടകംപള്ളി പോറ്റിയുടെ ശ്രീരാംപുരയിലെ വീട്ടിലേക്കും പോയിരുന്നോ എന്ന സംശയവും ഉയരുന്നു.
2020 ജനുവരിക്ക് മുമ്പാണ് സന്ദര്‍ശനം. കൊവിഡ് ഭീതി കാരണം 2020 ല്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. ഇരുവരുടെയും മുഖത്ത് മാസ്‌കില്ല. അതിനാല്‍ കൊള്ള നടന്ന 2019 കാലത്താണോ ഈ സമാഗമം എന്നാണ് സംശയം. കേരളത്തില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ ശേഷമാണോ ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വരുന്നതിന് മുമ്പ് ഫ്‌ളൈറ്റ് കാത്തിരിക്കുന്ന ഇടവേളയിലാണൊ കൂടിക്കാഴ്ച എന്ന് എസ്‌ഐടി അന്വേഷിക്കുന്നുണ്ട്. മന്ത്രി എന്ന നിലയില്‍ കടകംപള്ളി നടത്തിയ ദല്‍ഹി സന്ദര്‍ശനവും നിരീക്ഷിക്കുന്നു. ദല്‍ഹിയില്‍ നിന്ന് മടങ്ങി വരും വഴി ബംഗളൂരു എയര്‍പോര്‍ട്ടില്‍ കടകംപള്ളി ഇറങ്ങാനുള്ള സാധ്യതയും കുറവല്ല. മന്ത്രിയെ പ്രതീക്ഷിച്ച് പോറ്റി എയര്‍പോര്‍ട്ടില്‍ കാത്തുനിന്നിരിക്കാം.
പക്ഷേ ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന് തെളിവാണിത്. പോറ്റിയുടെ പുളിമാത്തുള്ള വീട്ടില്‍ എത്തിയിരുന്നതായി സമ്മതിച്ച കടകംപള്ളി എന്തൊക്കെയൊ മറയ്‌ക്കുന്നതായും ഫോട്ടോ ചൂണ്ടിക്കാട്ടുന്നു.
















