കണ്ണൂര്‍ : പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂദനനും ചിലരും പാര്‍ട്ടി രക്തസാക്ഷി ഫണ്ടില്‍ നിന്ന് ഉള്‍പ്പെടെ വലിയ തട്ടിപ്പ് നടത്തിയെന്ന ജില്ലാകമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്റെ ആരോപണം സി.പി.എം തള്ളി. തിരഞ്ഞെടുപ്പ് അടുക്കവെ മാദ്ധ്യമങ്ങളുടെയും രാഷ്‌ട്രീയ ശത്രുക്കളുടെയും കോടാലിക്കൈ ആയി മാറിയിരിക്കുകയാണ് കുഞ്ഞികൃഷ്ണനെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു.
ധനാപഹരണം നടന്നിട്ടില്ലെന്ന് പാര്‍ട്ടി കണ്ടെത്തിയതാണെന്നും തെറ്റുപറ്റിയെന്ന് കുഞ്ഞികൃഷ്ണന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പറഞ്ഞിരുന്നുവെന്നുമാണ് കെ.കെ രാഗേഷ് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
സമയ ബന്ധിതമായി വരവ്-ചിലവ് കണക്ക് അവതരിപ്പിക്കുന്നതിലുള്ള വീഴ്ച വന്നിട്ടുണ്ട്. ഇതല്ലാതെ വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണ്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയും, പാര്‍ട്ടി പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയും നിശ്ചയിച്ച കമ്മീഷനുകളാണ് വിവിധ ആക്ഷേപങ്ങളെക്കുറിച്ച് അതത് ഘട്ടത്തില്‍ അന്വേഷിച്ച് അതത് കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഈ ചര്‍ച്ചയിലും, തീരുമാനങ്ങളിലും വി. കുഞ്ഞികൃഷ്ണനും പങ്കാളിയായതാണെന്ന് കെ കെ രാഗേഷ് പറഞ്ഞു.
പാര്‍ട്ടിയെ ബഹുജന മദ്ധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് എതിരാളികള്‍ക്ക് കടന്നാക്രമിക്കാന്‍ ആയുധം നല്‍കുന്ന കുഞ്ഞികൃഷ്ണന്റെ പ്രവൃത്തി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും രാഗേഷ് പ്രസ്താവനയില്‍ അറിയിച്ചു.
ധന്‍രാജ് രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് ,പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ട് എന്നിങ്ങനെ മൂന്ന് ഫണ്ടുകളില്‍ നിന്ന് തിരിമറി നടത്തിയെന്നാണ് കുഞ്ഞികൃഷ്ണന്‍ ആരോപിച്ചത്. ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെ തെളിവ് സഹിതം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി എടുക്കാതെ പാര്‍ട്ടി തന്നെ നിശബ്ദനാക്കാനാണ് ശ്രമിച്ചതെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
















