തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ പിതാവ് നെയ്യാറ്റിന്‍കര കവളാകുളം സ്വദേശി ഷിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
പൊലീസ് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച സാഹചര്യത്തിലാണിത്. കുഞ്ഞിനെ മടിയിലിരുത്തി കൈമുട്ടുകൊണ്ട് അടിവയറ്റില്‍ ഇടിച്ചെന്നും ശേഷം കുഞ്ഞ് കുഴഞ്ഞുവീണുവെന്നും പിതാവ് പൊലീസിനോട് പറഞ്ഞു. ഭാര്യയോടുള്ള സംശയമാണ് കുഞ്ഞിനെ കൊല ചെയ്യാന്‍ കാരണം എന്ന് ഷിജിന് മൊഴി നല്കി.
വെളളിയാഴ്ച മൂന്നാം തവണ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കുറ്റം സമ്മതിച്ചത്. അടിവയറിലെ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മാതാവിനും മര്‍ദ്ദനവിവരം അറിയാമായിരുന്നോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.മാതാവിനെയും ചോദ്യം ചെയ്യുന്നുണ്ട്. മൂന്നാഴ്ച മുമ്പ് കുഞ്ഞിന്റെ കയ്യിലുണ്ടായ പൊട്ടല്‍ കൊലപാതക ശ്രമമായിരുന്നോ എന്നും സംശയമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വയസുകാരന് മരണപ്പെടുന്നത്. പിതാവ് വാങ്ങി കൊണ്ടു വന്ന ബിസ്ക്കറ്റ് കഴിച്ച് അരമണിക്കൂറിന് ശേഷം കുഴഞ്ഞുവീണു എന്നാണ് മാതാവിന്റെ മൊഴി. മാതാപിതാക്കളുടെ മൊഴികളിലെ വൈരുധ്യത്തെ തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു.
















