തിരുവനന്തപുരം: സാധാരണക്കാരുടെ ഉന്നമനത്തിനായി പ്രധാനമന്ത്രി ആവാസ് യോജന വഴി രാജ്യത്ത് നാലു കോടി വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതില്‍ ഒരു കോടിയിലധികം വീടുകള്‍ ലഭിച്ചത് നഗരപ്രദേശത്തെ ജനങ്ങള്‍ക്കാണ്. ഈ പദ്ധതിയിലൂടെ കേരളത്തില്‍ 2.5 ലക്ഷം നഗരവാസികള്‍ക്ക് സുരക്ഷിതമായ വീടുകള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ, സൗജന്യ വൈദ്യുതിക്കായി പി.എം സൂര്യഘര്‍ യോജനയും, പാവപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും ഉറപ്പാക്കി്. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കിയത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
വഴിയോര കച്ചവടക്കാര്‍ക്കായി ആവിഷ്‌കരിച്ച പ്രധാനമന്ത്രി സ്വനിധി പദ്ധതിയിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ബാങ്ക് വായ്‌പ സാധ്യമാക്കി. പാപ്പനംകോട് സിഎസ്‌ഐആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി ക്യാംപസിലെ ഇന്നവേഷന്‍ ടെക്‌നോളജി ആന്‍ഡ് ഓണ്‍ട്രപ്രേണര്‍ഷിപ്പ് ഹബ്ബിന്റെയും, ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ റേഡിയോ സര്‍ജറി സെന്ററിന്റെയും പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെയും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.
















