തിരുനാവായ: മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി വസന്തപഞ്ചമി ദിവസമായ ഇന്ന് പ്രത്യേക പൂജകള്‍ നടക്കും. പഞ്ചമി തിഥിയും പൂരൂരുട്ടാതി നക്ഷത്രവും ഒരുമിക്കുന്ന ദിവസമാണ് ഇന്ന്.
പുലര്‍ച്ചെ മുതല്‍ നിളയില്‍ ചതുരാംബിക പൂജ ആരംഭിക്കും. ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി പരശുരാമന്‍ പ്രതിഷ്ഠിച്ച ദിക്പാലക ദേവതകളാണ് ചതുരാംബികമാര്‍. ബാലാംബിക, ലോകാംബിക, ഹേമാംബിക, മൂകാംബിക എന്നിവരാണ് ചതുരാംബികമാര്‍. ഈ ദേവതകളുടെ അനുഗ്രഹം തേടിയാണ് പൂജ. ബാലകൃഷ്ണ പൈ ആണ് ആചാര്യന്‍.
രാത്രി യക്ഷീപൂജ. ആദിപരാശക്തിയുടെ ഓരോ രൂപത്തെയും അനുഗമിക്കുന്ന കാവല്‍ദേവതയാണ് യക്ഷി. യക്ഷീ ദേവിയെ ആരാധിക്കുന്നതിലൂടെ ഭഗവതിയുടെ അനുഗ്രഹവും വന്നു ചേരുമെന്നാണ് വിശ്വാസം. ശത്രുദോഷങ്ങള്‍, ഗ്രഹദോഷങ്ങള്‍, ദുര്‍മന്ത്രവാദം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഭവനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ എന്നിവയെല്ലാം യക്ഷീപൂജയില്‍ പങ്കെടുത്താല്‍ ഇല്ലാതാകും. ഈ പൂജയും ബാലകൃഷ്ണ പൈയുടെ കാര്‍മികത്വത്തിലാണ്.
സൂര്യഗണപതി സാധന നടത്തി
മഹാമാഘ ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ പുലര്‍ച്ചെ സൂര്യഗണപതി സാധന നടന്നു. പൂജയുടെ ഭാഗമായി നടന്ന സൂര്യഗണപതി ഹോമത്തില്‍ നൂറുകണക്കിനു ഭക്തര്‍ പങ്കെടുത്തു. ലക്ഷ്മണന്‍ തില്ലങ്കേരി ആചാര്യനായി. തുടര്‍ന്ന് ജയന്‍ ഇളയത്ത് ആചാര്യനായ സുകൃത ഹോമവും, രാവിലെ 11ന് ഗായത്രി അക്ഷരദേവത പൂജയും യജ്ഞവും നടന്നു.
മന്ത്രങ്ങളുടെ ദേവതയായ ഗായത്രിയെ ആരാധിച്ചു നടത്തിയ പൂജയ്‌ക്ക് അരുണ്‍ പ്രഭാകര്‍ ആചാര്യനായി. വൈകിട്ട് 5.30ന് ആചാര്യന്‍ അശോകന്‍ കാണിയുടെ നേതൃത്വത്തില്‍ പുഴയുടെ മധ്യഭാഗത്തെ യജ്ഞശാലയില്‍ സര്‍വേശ്വര പൂജ നടത്തി.
















