തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി വിഷ്ണുവിന്റെ സുഹൃത്ത് അറസ്റ്റിലായി.വിഷ്ണുവിനെ രക്ഷപ്പെടാന്‍ സഹായിച്ച ആദര്‍ശ് (29) നെ കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.നെയ്യാറ്റിന്‍കര സ്വദേശിയാണ് അറസ്റ്റിലായ ആദര്‍ശ്. കേസിലെ ആദ്യ അറസ്റ്റാണിത്.
വിഷ്ണുവിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതും ഫോണ്‍ സിം കാര്‍ഡ് എടുത്തു നല്‍കിയതും ആദര്‍ശാണെന്ന് പൊലീസ് പറഞ്ഞു.കേസിലെ മുഖ്യപ്രതി വിഷ്ണുവിനായി പൊലീസ് തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
കഴിഞ്ഞ മൂന്നാം തീയതി വൈകിട്ട് മൂന്നരയ്‌ക്ക് സംസ്ഥാന പാതയില്‍ പാപ്പാലയിലായിലുണ്ടായ അപകടത്തില്‍ കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിന്നില്‍ അമിതവേഗത്തില്‍ വന്ന ജീപ്പിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതി മരിച്ചു. കഴിഞ്ഞ ദിവസം കടയ്‌ക്കല്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് രജിത്തും മരിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.കഴിഞ്ഞ ദിവസം പ്രതിഷേധിച്ച പഞ്ചായത്തംഗം ഉള്‍പ്പടെ 59 പേര്‍ക്കെതിരെയാണ് കേസെടുത്തത്.രജിത്തിന്റെയും അംബികയുടെയും മക്കളെയും കൊണ്ടായിരുന്നു കിളിമാനൂര്‍ സ്റ്റേഷനു മുന്നിലെ നാട്ടുകാരുടെ പ്രതിഷേധം.
അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ ജീപ്പ് നാട്ടുകാര്‍ തടഞ്ഞ് വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ പൊലീസില്‍ ഏല്‍പിച്ചിരുന്നു. എന്നാല്‍, വിഷ്ണുവിനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അംബിക മരിച്ചശേഷമാണ് വിഷ്ണുവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. എന്നിട്ടും വിഷ്ണുവിനെ പിടികൂടാത്തത് കള്ളക്കളിയെന്നാണ് പരാതി.
















