പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യ ഹര്‍ജിയില്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയുടെ വിധി ശനിയാഴ്ച. ബലാത്സംഗം അല്ല ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് ജില്ലാ കോടതിയിലും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇലക്ട്രോണിക് തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കി. എന്നാല്‍ ക്രൂര പീഡനമാണ് പരാതിക്കാരി നേരിട്ടതെന്നും രാഹുല്‍ പ്രതിയായ സമാന സ്വഭാവമുള്ള മറ്റു രണ്ടു കേസുകളുടെ കാര്യവും ചൂണ്ടിക്കാട്ടി ജാമ്യ ഹര്‍ജിയെ ശക്തമായി പ്രോസിക്യൂഷന്‍ എതിര്‍ത്തു .
വിദേശത്ത് താമസിക്കുന്ന 31 വയസുളള മലയാളിയുടെ പരാതിയില്‍ ജനുവരി 10നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായത്.ഷൊര്‍ണൂരിലെ കെപിഎം ഹോട്ടലില്‍ നിന്ന് അര്‍ദ്ധരാത്രി കസ്റ്റഡിയിലെടുത്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ കോടതി മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്യുകയായിരുന്നു. നേരത്തെ രണ്ട് ബലാത്സംഗ കേസുണ്ടായിരുന്ന രാഹുലിനെ മൂന്നാം ബലാത്സംഗ കേസില്‍ പൊലീസ് രഹസ്യ നീക്കത്തിലൂടെയാണ് പിടികൂടിയത്.
പ്രതി സ്ഥിരം കുറ്റവാളിയാണ്.പുറത്തിറങ്ങിയാല്‍ അതിജീവിതമാരെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എംഎല്‍എ ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്.അന്വേഷണത്തോട് പ്രതി സഹകരിക്കുന്നില്ല. ഫോണ്‍ ലോക്ക് അടക്കം മാറ്റാന്‍ വിസമ്മതിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു.
















