കോട്ടയം:എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി തുഷാര്‍ വെള്ളാപ്പള്ളി ഈ ആഴ്ച തന്നെ എന്‍എസ്എസ് ആസ്ഥാനത്തെത്തുമെന്ന് സൂചന. ഇക്കാര്യം തുഷാര്‍ വെള്ളാപ്പള്ളിയും ജി സുകുമാരന്‍ നായരും തമ്മില്‍ ഫോണില്‍ സംസാരിച്ചു.
എസ്എന്‍ഡിപി യോഗം വിശാല കൗണ്‍സില്‍,സമുദായ ഐക്യത്തിന് പച്ചക്കൊടി കാട്ടിയതോടെ ചര്‍ച്ചകള്‍ വേഗത്തിലാവുകയാണ്. ഉടന്‍ തന്നെ പെരുന്നയില്‍ എത്തി സുകുമാരന്‍ നായരെ കാണണമെന്ന് തുഷാര്‍ വെള്ളാപ്പള്ളിക്ക് എസ്എന്‍ഡിപി യോഗം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരത്ത് എന്‍ഡിഎ യോഗം ഉളളതിനാല്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യാഴാഴ്ച പെരുന്നയില്‍ എത്തിയില്ല.
വെളളിയാഴ്ച പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദര്‍ശനം കഴിഞ്ഞതിന് ശേഷമായിരിക്കും തുഷാര്‍ പെരുന്നയില്‍ എത്തി സുകുമാരന്‍ നായരെ കാണുക.ഇന്നലെ രാത്രിയിലാണ് തുഷാര്‍ വെള്ളാപ്പള്ളി സുകുമാരന്‍ നായരെ ഫോണില്‍ വിളിച്ച് പെരുന്നയിലെത്തുന്ന വിവരം അറിയിച്ചത്. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ സുകുമാരന്‍ നായര്‍ തുഷാറിന്റെ സന്ദര്‍ശനം സംബന്ധിച്ച് വിവരം അറിയിച്ചിട്ടുണ്ട്.
തുഷാര്‍ പെരുന്നയിലെത്തി ഔദ്യോഗികമായി സമുദായ ഐക്യം അറിയിച്ചതിനുശേഷം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും. മുഴുവന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും എസ്എന്‍ഡിപി എന്‍- എസ് എസ് ഐക്യത്തോട് യോജിപ്പാണ്. സുകുമാരന്‍ നായരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ മുന്നോട്ടു വെക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും എസ്എന്‍ഡിപി യോഗം ധാരണയില്‍ എത്തിയിട്ടുണ്ട്.
















