പഞ്ചഭൂതമായി പഞ്ചേന്ദ്രിയത്തിലൂടെ സദാ ചലനാത്മകവും രൂപഭേദം വരുത്താവുന്നതുമായ ഈ അഭൗമശക്തിയിലൂടെയാണ് അഖിലാണ്ഡകോടി ബ്രഹ്‌മാണ്ഡരചനയും നടന്നിരിക്കുന്നത്. ഈ മൂലശക്തിയെ ഒന്നൊന്നോടുചേര്‍ത്ത് അവയുടെ ചേര്‍ച്ചയിലുണ്ടായ അവസ്ഥാന്തരമേ നാം പ്രത്യക്ഷത്തില്‍ കാണാന്നുള്ളു. അതാകട്ടെ സ്ഥൂലാവസ്ഥയില്‍ എത്തിയതിനു ശേഷംമാത്രം. കാരണം നമ്മളും സൃഷ്ടിയുടെ സ്ഥൂലാവസ്ഥയിലാണുള്ളത്. മേല്‍പറഞ്ഞപ്രകാരം അതിസൂക്ഷ്മതലത്തില്‍ സൃഷ്ടി വിഭാവന ചെയ്യുമ്പോള്‍ വിശ്വേശ്വര ചൈതന്യത്താല്‍ നിലകൊള്ളുന്ന പൂരിത സൂക്ഷ്മാണുക്കളെ അതിസൂക്ഷ്മാധാരപ്രകാരം ചേര്‍ച്ചയാല്‍ ചേര്‍ത്ത് സ്ഥൂലത്തിലേക്ക് ആവാഹിക്കുന്നു. ഇവിടെയെങ്ങും തന്നെ ഒരു സൃഷ്ടിയുടേയും ഇടപെടലിന് അനുവാദമില്ല. തന്നെയുമല്ല അതിനും ശേഷമാണ് സൃഷ്ടി നടക്കുന്നതും. എന്നാല്‍ ഉപസൃഷ്ടിക്കാധാരമായി സൃഷ്ടി നിലകൊള്ളുമ്പോള്‍ അതു നിലകൊള്ളാന്‍ ആവശ്യമായ ആന്തരിക സമ്മര്‍ദ്ദം സൃഷ്ടിക്കാധാരമായ ശക്തിയില്‍ നിക്ഷിപ്തമായിരിക്കും. അതായത് സൃഷ്ടിയായ നാം ഒരു ഉപസൃഷ്ടി സംവിധാനം ചെയ്യുമ്പോള്‍ അതിന്റെ ഊടുംപാവും സൃഷ്ടിക്കധീനമായിരിക്കില്ല. അതിന് ആധാരമായവയെല്ലാം പ്രപഞ്ചത്തില്‍ മുന്നേ സംഭരിച്ചവയില്‍ നിന്ന് എടുക്കാതെ സാധ്യമാവില്ല. എന്നാല്‍ ഈ സൃഷ്ടിയടക്കം നശ്വരവുമാണ്. സൃഷ്ടിക്കുള്ളില്‍ കുടികൊള്ളുന്ന പ്രേരണാത്മക സമ്മര്‍ദ്ദത്തിന് ആധാരമായാണ് ഒരോ ഉപസൃഷ്ടിക്കും പ്രചോദനമുണ്ടാകുക. ആധുനിക ശാസ്ത്രം മനസിലാക്കുന്ന സൃഷ്ടിതത്ത്വവും ഉപസൃഷ്ടിയുമെല്ലാം അണുതത്ത്വത്തിനു ശേഷമുള്ളവ മാത്രമാണ്. നാം വിപുലമായി കൊണ്ടാടുന്ന നിര്‍മ്മിത ബുദ്ധിയുടെ ആധാരവും സൃഷ്ടിയില്‍ അന്തര്‍ലീനമായ പ്രേരണയിലൂടെ പ്രവൃത്തിക്കുന്നവയത്രെ.
എപ്രകാരം സൃഷ്ടിക്കു പ്രേരണയെത്തുന്നുവോ അതിന്റെ ഉപപ്രേരണയായിമാത്രമേ നിര്‍മ്മിതബുദ്ധി പ്രവൃത്തിക്കുന്നുള്ളു. നാം ഇവിടിന്നുകാണുന്ന എല്ലാ കോലാഹലങ്ങളും സ്ഥൂലതയിലുള്ള പ്രകടനങ്ങള്‍മാത്രം. നമ്മുടെ അന്വേഷണവും അപ്രകാരം തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതും.
ഇന്നു നമ്മുടെ പരീക്ഷണ നിരീക്ഷണങ്ങളെല്ലാം സൃഷ്ടിയെ വിഭജിച്ച് വിശകലനം ചെയ്താണ്. അപ്രകാരം ചെയ്ത് ഒരുഘട്ടമെത്തുമ്പോള്‍ ആ വസ്തുവിന്റെ യാതൊരു സ്വഭാവവുമില്ലാത്ത ഒന്നില്‍ അവശേഷിക്കുന്നതു കാണാം.
എന്നാല്‍ ഒരു ഉപസൃഷ്ടി! അതായത് സൃഷ്ടിയാല്‍ സൃഷ്ടിക്കപ്പെട്ടത് അവയുടെ പ്രവര്‍ത്തനത്തിനായി നാമതിലേക്കു കടത്തിവിടുന്ന ശക്തികൂടാതെ നമ്മിലുളവായ ശക്തിയാണതിനെ നിയന്ത്രിക്കുന്നതെന്ന് എത്രപേര്‍ മനസിലാക്കുന്നു. എന്നാല്‍ ആ ശക്തി നമ്മിലെത്തുന്നത് എവിടെനിന്നെന്നു നമ്മള്‍ അറിയുന്നുമില്ല. നമ്മെ കീറിമുറിച്ചാല്‍ അതിനെ കിട്ടുകയുമില്ല. എന്നുവെച്ചാല്‍ ഈ ശക്തിയുടെയെല്ലാം പ്രഭവസ്ഥാനം ഒരിടംതന്നെ എന്ന് മനസിലാക്കാം. അതിലേക്കു കടന്നുകയറുക അസാദ്ധ്യവുമാണ്. എത്ര തീക്ഷ്്ണമായ ഇച്ഛാശക്തിയിലൂടെ തലങ്ങള്‍ മാറി തിരഞ്ഞാലും അതിനുള്ളിലേക്ക് കടക്കാനാവില്ല. അതിനാല്‍ അതില്ലെന്നു ശഠിക്കുംന്തോറും ഉണ്ടെന്ന ധാരണ അതിശക്തമായി അനുഭവപ്പെടും.
ഇതിനെയാണ് ബ്രഹ്‌മവര്‍ച്ചസായി കണക്കാക്കേണ്ടത്. ഒരു വ്യക്തിയില്‍ ഇത്തരമൊരു വികാസം രൂപപ്പെടാനുള്ള വികാരമാണ് ആത്മീയത. തന്റെ ഉള്‍ക്കാഴ്ചകൊണ്ട് ഭൂതഭവ്യ അവസ്ഥകളെ കാണുന്ന ഒരുള്‍ക്കാഴ്ച. വരാനിരിക്കുന്ന പ്രകൃതിയുടെ ഭാഷ വായിക്കാനുള്ള ഒരുള്‍ക്കാഴ്ച. ആ ലിപികള്‍ക്കു പ്രകാശം പകര്‍ന്നുകൊടുക്കുന്നത് പുറത്തുനിന്നല്ല. ഈ സാധ്യത വരെ നീണ്ടുകിടക്കുന്നതാണ് മനുഷ്യ മസ്തിഷ്‌കം. നമ്മള്‍ നോക്കിക്കണ്ട വസ്തുതകളുടെ ആകെത്തുക മസ്തിഷ്‌കപര്യന്തമായ പ്രദേശം അതിലെ സൂഷ്മങ്ങളായ സ്പന്ദനങ്ങള്‍ എന്നുപറഞ്ഞാല്‍ അതു പ്രഭുല്ലമാക്കുന്ന വൈദ്യുതോര്‍ജ്ജം ആണ്. ആ ഊര്‍ജ്ജമാണ് ഒരു വ്യക്തിയുടെ ഉള്ളില്‍ നിന്നു വരുന്ന കേവലമായ ഒരു അറിവ് ഉണ്ടാക്കുന്നത്. അതുകൊടുക്കുന്ന ഒരു ബ്രഹ്‌മവര്‍ച്ചസ്സും ഉണ്ടാകും അതായത് ഒരു തേജസുണ്ടാകും. ഇതൊക്കെയാണ് അന്ധവിശ്വാസമെന്ന് ആധുനികര്‍ അടുത്തകാലംവരെ പറഞ്ഞിരുന്നത്. ആധുനിക യുഗത്തില്‍ നിര്‍മ്മിതബുദ്ധിയിലേക്ക് സന്നിവേശിപ്പിക്കുന്ന തേജസും ഇതിന്റെ പ്രതിഫലനമാണ്. അപ്പോഴും ഇതില്‍ (ഇന്നത്തെ നിര്‍മ്മിത ബുദ്ധിയില്‍) പ്രഗത്ഭരല്ലാത്തവര്‍ക്ക് വെറും കേട്ടുകേഴ്‌വിക്കാര്‍ ആകാനേകഴിയു. നാളെ ഇതു കെട്ടടങ്ങിയാല്‍ ഇതും ഒരു അന്ധവിശ്വാസം ആകും.
















