ജഗത് പ്രകാശ് നഡ്ഡയുടെ പിന്മുറക്കാരനായി നാല്‍പ്പത്തഞ്ചുകാരന്‍ നിതിന്‍ നബിന്‍ ബിജെപി ദേശീയ അധ്യക്ഷനായി നിയമിതനായതോടെ പാര്‍ട്ടി നേതൃത്വത്തില്‍ സുഗമമായ തലമുറ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായി രാജ്യത്തും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരണാധികാരത്തിലുള്ള പാര്‍ട്ടിയാണ് ബിജെപി. മറ്റേതെങ്കിലും പാര്‍ട്ടി ആയിരുന്നെങ്കില്‍ നേതൃതലത്തില്‍ ഇങ്ങനെയൊരു മാറ്റം സാധ്യമാകില്ല.
പാര്‍ലമെന്ററി രംഗത്ത് ഇരുപത് വര്‍ഷത്തോളം അനുഭവമുള്ള നബിന്‍ അഞ്ചുതവണ ബിഹാര്‍ എംഎല്‍എയും മന്ത്രിയുമായി. താഴെത്തട്ടില്‍ പ്രവര്‍ത്തിച്ച് നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്നയാളാണ്. കുടുംബ മഹിമയല്ല, ആത്മാര്‍ത്ഥതയും പ്രവര്‍ത്തന മികവുമാണ് ബിജെപിയില്‍ പരിഗണിക്കപ്പെടുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. ആഭ്യന്തര ജനാധിപത്യം പുലരുന്ന പാര്‍ട്ടിയില്‍ മാത്രമേ ഇങ്ങനെ സംഭവിക്കുകയുള്ളൂ. രാഷ്‌ട്രീയമായി വളരെ നിര്‍ണായകമായ സാഹചര്യത്തിലാണ് നിതിന്‍ നബിന്‍ ബിജെപിയുടെ ദേശീയ അദ്ധ്യക്ഷ പദവി ഏറ്റെടുത്തിരിക്കുന്നത്.
ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി, കേരളം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും, 2029ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ബിജെപിയില്‍ ഈ തലമുറമാറ്റം സംഭവിച്ചിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. നബിന്റെ നിയമനം ബിജെപിയുടെ എതിരാളികളായ പാര്‍ട്ടികളില്‍ വലിയ ചലനങ്ങളുണ്ടാക്കും. ചില കുടുംബങ്ങളിലും വ്യക്തികളിലുമായി ജനാധിപത്യവിരുദ്ധമായി അധികാരം കേന്ദ്രീകരിച്ചു വച്ചിരിക്കുന്ന പാര്‍ട്ടികള്‍ അണികളോട് പലതും വിശദീകരിക്കേണ്ടി വരും.
നിതിന്‍ നബിന്‍ അധ്വാനശീലനും പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ളയാളുമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എളുപ്പത്തില്‍ സമീപിക്കാന്‍ കഴിയുന്ന വ്യക്തിയുമാണ്. പ്രവര്‍ത്തനത്തില്‍ എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെയാണ് ഈ ചെറുപ്രായത്തില്‍ ഉന്നതമായ പദവിയില്‍ എത്തിച്ചിരിക്കുന്നത്.
ബിഹാറിലെ പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നുവരികയും നിര്‍ണായകമായ തെരഞ്ഞെടുപ്പ് ചുമതലകള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്ത രണ്ട് പതിറ്റാണ്ടുകളുടെ സംഘടനാ പാരമ്പര്യമാണ് നിതിന്‍ നബിനുള്ളത്. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു. അഞ്ചുതവണ നബിന്‍ എംഎല്‍എയായി. 2006ല്‍ ഇപ്പോള്‍ ഇല്ലാതായ പട്‌ന വെസ്റ്റ് സീറ്റില്‍ നിന്ന് വിജയിക്കുകയും, തുടര്‍ന്ന് ബങ്കിപൂരില്‍ നിന്ന് തുടര്‍ച്ചയായി നാലുതവണ ജയിക്കുകയും ചെയ്തു. മന്ത്രി എന്ന നിലയില്‍ ബിഹാറിലെ നിയമം, റോഡ് ഗതാഗതം, നഗരവികസനം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്ത ഭരണപരിചയവുമുണ്ട്. ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ ബിഹാര്‍ പ്രസിഡന്റ്, ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അഭിമാനകരമായ ട്രാക്ക് റെക്കോര്‍ഡാണിത്.
2023 ലെ ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന്റെ ചുമതല നബിനിന് നല്‍കപ്പെട്ടു. അന്ന് ഭൂപേശ് ബാഗേല്‍ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ശക്തമായ നിലയിലാണെന്നും, തെരഞ്ഞെടുപ്പില്‍ അവര്‍ വിജയിക്കുമെന്നും മിക്ക എക്‌സിറ്റ് പോളുകളും അഭിപ്രായ സര്‍വേകളും പ്രവചിച്ചിരുന്നു. എന്നാല്‍ നബിന്റെ നേതൃത്വത്തില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം നേടി. സംഘടനാ പുനഃസംഘടനയും സൂക്ഷ്മതല ഏകോപനത്തിലുള്ള ഊന്നലുമാണ് ഇതിന് കാരണമായതെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുകയുണ്ടായി.ബിഹാറിലെ സ്വന്തം വിജയങ്ങളെക്കാളും ഛത്തീസ്ഗഡ് പ്രചാരണമാണ് നബിനെ ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തിലേക്ക് എത്തിച്ചതെന്ന് പറയാം. നബിന്റെ ഈ മികവ് മറ്റു തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് ഗുണകരമാകും എന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.
ദല്‍ഹിയില്‍ ബിജെപിയെ അധികാരത്തില്‍ തിരിച്ചെത്തിച്ചതിലും മൂന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷം തലസ്ഥാനത്തിന്റെ രാഷ്‌ട്രീയ നിയന്ത്രണം തിരിച്ചുപിടിച്ചതിലും നബിന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പാര്‍ട്ടിയിലെ തന്റെ നേതാവ് ഇനി നിതിന്‍ നബിന്‍ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ഇത് കൃത്യമായ സന്ദേശമാണ്. പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ഉള്‍പ്പെടുന്ന ബിജെപിയുടെ ഉന്നത നേതൃത്വം ആശയപരമായി ഒരേ നിലപാടിലാണെന്ന് വ്യക്തമാകുന്നു. നാലാം വട്ടവും അധികാരത്തിലെത്തി അമൃതഭാരതത്തിലേക്കുള്ളയാത്രയുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബിജെപിക്ക് നിതിന്‍ നബിന്റെ നേതൃത്വം മുതല്‍ക്കൂട്ടാകും.
















