മൂന്നാറിലെ കാട്ടാനയായ ‘പടയപ്പ’ സോഷ്യൽ മീഡിയയിലെ ആനപ്രേമികളുടെ പ്രിയ താരമാണ്. ഇപ്പോൾ പടയപ്പ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ഇത്തവണ ഒരു കെഎസ്ആർടിസി ബസിനെ പടയപ്പ പിന്നിൽ നിന്ന് തള്ളുന്ന കൗതുകകരമായ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
മൂന്നാറിലേക്കുള്ള യാത്രയ്‌ക്കിടെ വഴിയിൽ തടസ്സമായി നിന്ന ബസിനെയാണ് പടയപ്പ തള്ളി നീക്കാൻ ശ്രമിച്ചത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം ഏഴ് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. കെഎസ്ആർടിസി ബസിനെ സ്നേഹത്തോടെ ‘ആനവണ്ടി’ എന്ന് വിളിക്കുന്നത് കൊണ്ടാകാം, “സ്വന്തം വണ്ടി തള്ളിക്കൊടുക്കുന്ന പടയപ്പ” എന്ന രസകരമായ അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
















