ന്യൂദല്‍ഹി: റിപ്പബ്ലിക്ദിനാഘോഷങ്ങള്‍ക്ക് ഇന്ദ്രപ്രസ്ഥം ഒരുങ്ങുന്നു. കര്‍ത്തവ്യപഥില്‍ നടക്കുന്ന പരേഡിനുള്ള പരിശീലനം അവസാനഘട്ടത്തില്‍. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150 വര്‍ഷങ്ങള്‍ മുഖ്യപ്രമേയമായാണ് ഇത്തവണ ആഘോഷങ്ങള്‍. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ലെയ്നുമാണ് റിപ്പബ്ലിക്ദിനപരേഡിലെ മുഖ്യാതിഥികള്‍.
ഓപ്പറേഷന്‍ സിന്ദൂറിനുശേഷമുള്ള ആദ്യ റിപ്പബ്ലിക് പരേഡ് ആയതിനാല്‍ പ്രതിരോധരംഗത്തെ കരുത്ത് വിളിച്ചോതുന്ന ആയുധങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധരംഗത്ത് സൈനികരുടെയും ആയുധങ്ങളുടെയും വിന്യാസം എങ്ങനെയെന്ന് വിശദീകരിക്കുന്ന മാതൃകയിലാകും ഇവ പ്രദര്‍ശിപ്പിക്കുക. ആദ്യമായാണ് ഈ രീതിയില്‍ ക്രമീകരണം ഒരുക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച വിവിധ പ്രതിരോധ സംവിധാനങ്ങളും ഭാഗമാകും.
പുതുതായി രൂപീകരിച്ച ഭൈരവ് ലൈറ്റ് കമാന്‍ഡോ ബറ്റാലിയന്‍ പരേഡിന്റെ മുഖ്യ ആകര്‍ഷകമാകും. ബാക്ട്രിയന്‍ ഒട്ടകങ്ങളും പരുന്തുകളും നായകളും ഉള്‍പ്പെടുന്ന കരസേനയുടെ ആനിമല്‍ കണ്ടിജന്റും ആദ്യമായി പരേഡില്‍ പങ്കെടുക്കും. ടി-90 ടാങ്കുകള്‍, അര്‍ജുന്‍ മെയിന്‍ ബാറ്റില്‍ ടാങ്കുകള്‍, ബ്രഹ്‌മോസ്, ആകാശ് മിസൈല്‍, നാഗ് മിസൈല്‍ സിസ്റ്റം, ഡ്രോണുകള്‍, ആളില്ലാ ചെറുവിമാനങ്ങള്‍ എന്നിവ പ്രധാന ആകര്‍ഷണങ്ങളില്‍ ഉള്‍പ്പെടും. മാര്‍ച്ചിങ് വിഭാഗത്തില്‍ 18 സംഘങ്ങളും 13 ബാന്‍ഡ് സംഘങ്ങളും ഉള്‍പ്പെടും. റഫേല്‍, സുഖോയ്-30, മിഗ്-29, സി-295 അപ്പാച്ചെ ഹെലികോപ്ടറുകള്‍, ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറുകള്‍ തുടങ്ങി 29 വിമാനങ്ങള്‍ ഫ്ളൈ പാസ്റ്റില്‍ അണിനിരന്ന് ആകാശവിസ്മയം തീര്‍ക്കും.
സ്വതന്ത്ര കാ മന്ത്രം- വന്ദേമാതരം, സമൃദ്ധി കാ മന്ത്രം- ആത്മനിര്‍ഭര്‍ ഭാരത് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ടാബ്ലോകളാണ് പരേഡില്‍ പ്രദര്‍ശിപ്പിക്കുക. കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍, മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടേതായി 30 ടാബ്ലോകളാണ് അണിനിരക്കുക.
രാജ്യത്തുടനീളമുള്ള 10,000 പേര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും. കര്‍ത്തവ്യ ഭവന്‍ നിര്‍മാണ തൊഴിലാളികള്‍, ജൈവകര്‍ഷകര്‍, കൈത്തറി- കരകൗശല വിദഗ്‌ദ്ധര്‍, വനിതാ ക്ഷീരകര്‍ഷകര്‍, ചെറുകിടകച്ചവടക്കാര്‍, പാരാഅത്ലറ്റുകള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രപദ്ധതികളുടെ ഗുണ ഭോക്താക്കള്‍, അന്താരാഷ്‌ട്ര കായിക മത്സരങ്ങളിലെ വിജയികള്‍, ഗഗന്‍യാന്‍, ചന്ദ്രയാന്‍ ദൗത്യങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും, ഡിആര്‍ഡിഒ ശാസ്ത്രജ്ഞര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
വന്ദേമാതരം ദൃശ്യാവിഷ്‌കാരത്തില്‍ 2,500 കലാകാരന്മാര്‍ പങ്കെടുക്കും. പരേഡിന്റെ ക്ഷണക്കത്ത്, പുഷ്പാലങ്കാരം, വേദിയിലുടനീളമുള്ള ഡിജിറ്റല്‍ ഇന്‍സ്റ്റലേഷനുകള്‍ എന്നിവയില്‍ വന്ദേമാതരത്തിന്റെ 150 വര്‍ഷങ്ങള്‍ എന്ന പ്രമേയം പ്രതിഫലിക്കും. ഇന്ന് മുതല്‍ 26 വരെ വന്ദേമാതരം പ്രമേയമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര- നാവിക- വ്യോമസേനകള്‍, കോസ്റ്റ് ഗാര്‍ഡ്, കേന്ദ്ര സായുധ പോലീസ് സേനകള്‍ എന്നിവരുടെ ബാന്‍ഡ് സംഘങ്ങള്‍ പ്രകടനങ്ങള്‍ നടത്തും. പശ്ചിമബംഗാളിലെ ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ഭവനത്തിലും ബാന്‍ഡ് പ്രകടനം നടത്തും. മൈ വ്, മൈ ഭാരത് പ്ലാറ്റ്ഫോമുകളില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ മത്സരങ്ങളില്‍ ഇതിനകം 1.61 ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്.
















