ചങ്ങനാശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ബിജെപിയുടെ വിജയം ജനങ്ങള്‍ ബിജെപിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ഫലമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം അനിവാര്യമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനേക്കുറിച്ച് എന്‍എസ്എസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുസ്ലീംലീഗ് ഭരണം കൈയാളുമെന്ന പ്രസ്താവന വെള്ളാപ്പള്ളി നടേശന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍എസ്എസും എസ്എന്‍ഡിപിയും കൈ കോര്‍ക്കാന്‍ തീരുമാനിച്ചത്. എന്‍എസ്എസ്-എസ്എന്‍ഡിപി സംഘടനകള്‍ ഐക്യപ്പെടുന്നതില്‍ എന്താണ് തെറ്റെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യരായവര്‍ ഇല്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായ വിമര്‍ശനമാണ് വെള്ളാപ്പള്ളിക്ക് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും ഉയര്‍ത്തിയിരിക്കുന്നത്. സതീശനെ കോണ്‍ഗ്രസുകാര്‍ അഴിച്ചുവിട്ടിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം സമദൂര നിലപാടില്‍ മാറ്റമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
















