കോഴിക്കോട്: ബസിൽ ലൈംഗിക അതിക്രമമെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി . കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആണ് മരിച്ചത്. ദീപക് ലൈംഗികാതിക്രമം കാട്ടുന്നെന്ന പേരിലുള്ള വീഡിയോ ഒരു യുവതി സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെയാണ് ദീപക്കിന്റെ മരണം. യുവതിക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസ് എടുക്കണം എന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകി.
തിരക്കുള്ള ബസിൽ സഞ്ചരിക്കുന്നതിനിടെ യുവതി ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. പയ്യന്നൂർ ഭാഗത്ത് നിന്നുള്ള വീഡിയോയായിരുന്നു യുവതി പോസ്റ്റ് ചെയ്തത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
യുവാവ് ആത്മഹത്യ ചെയ്തെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഡിജിപി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയതായി രാഹുൽ ഈശ്വർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ‘കഴിഞ്ഞ ദിവസം ഒരു വ്യാജ പരാതി / വ്യാജ വീഡിയോ ഒരു പെൺകുട്ടി പ്രചിരിപ്പിച്ചത് കൊണ്ടാണ് എന്നാണ് വിശ്വസനീയമായ മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. ദീപക് ആത്മഹത്യ ചെയ്തതിനാൽ BNS 108 വകുപ്പ് പ്രകാരം വ്യാജ വീഡിയോ പ്രചിരിപ്പിച്ച പെൺകുട്ടിക്കെതിരെ അടിയന്തരമായി നിയമ നടപടികൾ സ്വീകരിക്കണം എന്ന് അഭ്യർഥിക്കുന്നു.’ രാഹുൽ ഈശ്വർ പോസ്റ്റിൽ പറയുന്നു
ദീപകിന്റെ കുടുംബത്തിന് നിയമ സഹായം സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കണം. നിയമ സംവിധാനം അനുശാസിക്കുന്ന രീതിയിൽ എല്ലാ സഹായ സഹകരണവും നൽകാൻ തയ്യാറാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.















