തൃശൂര്‍ : തുടര്‍ച്ചയായ പരിശീലനത്തിനും പ്രയത്‌നത്തിനും ശേഷമാണ് ഓരോ കൂടിയാട്ടം കലാപ്രതിഭകളും അരങ്ങിലെത്തുന്നത്. എന്നാല്‍ അരങ്ങിലെത്തുന്നതിനു മുന്‍പ് ആ സ്വപ്‌നം ഇല്ലാതാവുന്നതിനെക്കുറിച്ച് ആലോചിട്ടുണ്ടോ. ആ അവസ്ഥയിലൂടെയാണ് ഇന്നലെ വേദിയില്‍ കയറും വരെയും കോട്ടയം പാരിപ്പള്ളി അമൃത സംസ്‌കൃത ഹയര്‍ സെക്കന്ററി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ദുര്‍ഗ പ്രദീപ് കടന്നു പോയത്.
കലോത്സവം തുടങ്ങുന്നതിനു തലേ ദിവസമായ തിങ്കളാഴ്ചയാണ് വീട്ടിലെ കോണിപ്പടികളില്‍ നിന്ന് ദുര്‍ഗ വീഴുന്നത്. ആദ്യം കുഴപ്പമില്ലെങ്കിലും പിന്നീട് അതൊരു പ്രശ്‌നമായി. കണംകാലിനായിരുന്നു പരുക്ക്. അതോടെ ആശുപത്രിയിലെത്തി ബാന്‍ഡ് എയ്ഡ് ധരിച്ചു.
കാല് ഇളക്കരുതെന്നും നാല് ആഴ്‌ച്ചത്തേക്ക് ബാന്‍ഡ് എയ്ഡ് ധരിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ദുര്‍ഗയ്‌ക്ക് അതിന് കഴിയില്ലായിരുന്നു.
ഇന്നലെ തട്ടില്‍ കയറുന്നത് വരെ ദുര്‍ഗ കാല് ഇളക്കിയില്ലായിരുന്നു. ചെറിയ രീതിയിലുള്ള പരിശീലനമാണ് നടത്തിയത്. എന്നിരുന്നാലും ഉറച്ച ആത്മവിശ്വാസത്തില്‍ ദുര്‍ഗ ഇന്നലെ തട്ടില്‍ കയറി. അവളുടെ ആത്മധൈര്യത്തിന് മുന്നില്‍ പ്രതിസന്ധി തോറ്റുപോയി. ജഡായു വധത്തിലെ സൂതനെ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
തട്ടില്‍ കയറുമ്പോള്‍ വേദന കടിച്ച് അമര്‍ത്തി വളരെ ഭംഗിയായി അവതരിപ്പിക്കാന്‍ അവള്‍ മറന്നില്ല. എന്നാല്‍ തട്ടിനു പുറത്ത് എത്തുമ്പോള്‍ അവള്‍ക്ക് നടക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. മുഴുവന്‍ ആട്ടവും അവതരിപ്പിച്ച ശേഷമാണ് അവള്‍ വേദിക്ക് അരികിലെ മെഡിക്കല്‍ റൂമിലേക്ക് പോയത്.
”എനിക്ക് അറിയാമായിരുന്നു എനിക്ക് ഇത് സാധിക്കുമെന്ന്. എന്നെ വിശ്വസിച്ച് എന്റെ കൂടെ നിന്ന എന്റെ കൂട്ടുകാരെ ഓര്‍ത്താണ് ഞാന്‍ ഇത് പൂര്‍ത്തിയാക്കിയത്. ഞാന്‍ കാരണം അവര്‍ക്ക് അരങ്ങിലെത്താന്‍ കഴിയാത്ത അവസ്ഥ വരുത്തില്ലെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചാണ് തട്ടില്‍ കയറിയതെന്ന്” ദുര്‍ഗ പറഞ്ഞു. ഏതൊരു പ്രതിസന്ധിയേയും പതറാതെ നേരിടാം എന്നതിനൊരു ഉദാഹരണമാണ് ദുര്‍ഗ.
















