ശബരിമല: ധര്‍മ്മശാസ്താവായ അയ്യപ്പന്റെ വാജിവാഹനം തന്ത്രിക്ക് നല്‍കി എന്നത് വലിയ വിവാദമായിരിക്കുകയാണ്. പക്ഷെ എന്താണ് ഈ വാജിവാഹനം? ധർമ്മശാസ്താവായ അയ്യപ്പന്റെ വാഹനമത്രെ വാജി അഥവാ കുതിര. ശക്തിയുടെയും വാഹനത്തിന്റെയും പ്രതീകമായ കുതിരയുടെ പുറത്താണ് പ്രധാനമായും അയ്യപ്പന്‍ യാത്ര ചെയ്തിരുന്നത് എന്ന് പറയുന്നു.
അയ്യപ്പന്‍ പുലിയുടെ പുറത്ത് വരുന്നത് കണ്ട് പലരും അയ്യപ്പന്റെ വാഹനം പുലിയാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. പക്ഷെ അയ്യപ്പന്റെ പ്രധാന വാഹനം കടുവയും പുലിയും അല്ല, കുതിരയാണ്. ദേവന്മാരുടെയും ദേവതകളുടെയും ക്ഷേത്രങ്ങളിലെ കൊടിമരത്തിൽ അതാതു ദേവതമാരുടെ വാഹനം പ്രതിഷ്‌ഠിക്കാറുണ്ട്. ശബരിമലയിലും മറ്റു ധർമ്മശാസ്‌താക്ഷേത്രങ്ങളിലും കൊടിമരത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് കുതിരയാണ്
അയ്യപ്പൻ പുലിമുകളിലേറി പന്തളത്തു കൊട്ടാരത്തിൽ വന്ന ഐതീഹ്യമാണു നമ്മളെ പുലിവാഹനനായി കരുതിപോരുന്നതും ആ പേർ വിളിക്കുന്നതും.
അയ്യപ്പനെ സ്തുതിക്കുന്ന സുപ്രസിദ്ധമായ ഹരിവരാസനം എന്ന് തുടങ്ങുന്ന ഗാനത്തില്‍ വാജി വാഹനത്തെ സൂചിപ്പിക്കുന്ന ഒരു വരിയുണ്ട്. “കളഭ കേസരി വാജി വാഹനം” എന്നാണ് വർണിക്കുന്നത്. ഇതിന്റെ അര്‍ത്ഥം ഇപ്രകാരമാണ്: കളഭം അണിഞ്ഞ മനോഹരശരീരമുള്ളവനും ആന, സിംഹം, കുതിര എന്നിവരെ വാഹനമാക്കിയവനുമായ അയ്യപ്പനെയാണ് ഈ വരികള്‍ വിവരിക്കുന്നത്. അതായത് അയ്യപ്പന്‍ ആനയെയും സിംഹത്തെയും കുതിരയെയും എല്ലാം വാഹനമാക്കിയവനാണെന്ന് പറയുന്നു. 64 അയ്യപ്പശരണങ്ങളിൽ അയ്യപ്പനെ പുലിവാഹനനായും വാഴ്‌ത്തുന്നു. ശാസ്താവിന്റെ വിവിധ ഭാവങ്ങളിൽ ഇത്യാദികളേ ഒക്കെ വാഹനമായി അദ്ദേഹം സ്വീകരിക്കുന്നു.
കളമൃദുസ്‌മിതം സുന്ദരാനനം-
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം-
ഹരിഹരാത്മജം ദേവമാശ്രയേ..
ഈ വരികളുടെ അര്‍ത്ഥം ഇപ്രകാരമാണ്:.
മന്ദസ്മേരമുഗ്ധമായ സുന്ദര മുഖമുള്ളവനും
കളഭം അണിഞ്ഞ മനോഹരശരീരമുള്ളവനും
ആന, സിംഹം, കുതിര എന്നിവരെ വാഹനമാക്കിയവനും ആയ
ഹരിഹര പുത്രനായ ദേവാ, നിന്നെ ആശ്രയിക്കുന്നു.
എന്താണ് ശബരിമലയിലെ വാജിവാഹനം?
ശബരിമലയിലെ കൊടിമരത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വാജിവാഹനമായ കുതിരയുടെ ഭാരം 11 കിലോഗ്രാമാണ്. കുതിര, അതിന് താഴെയുള്ള പീഠം, അതിന് താഴെയുള്ള അഷ്ടദിക്പാലകര്‍- ഇതെല്ലാം ചേര്‍ന്നാണ് കൊടിമരത്തില്‍ പിടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ആകെ ഭാരം 11 കിലോഗ്രാമാണ്. ഇത് ഏകദേശം 75 വര്‍ഷത്തോളം പഴക്കമുള്ളതാണ്. ആദ്യം പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച ഈ വാജിവാഹനത്തില്‍ പിന്നീട് സ്വര്‍ണ്ണം പൂശിയിരുന്നു. ഇടിമിന്നലേല്‍ക്കുമ്പോള്‍ ഇറിഡിയമായി മാറുന്ന രാസമിശ്രിതമാണ് ഇതെന്ന് പറയുന്നു. അങ്ങിനെ മാറിയിട്ടുണ്ടെങ്കില്‍ ഇതിന്റെ വില കണക്കാക്കാന്‍ പ്രയാസാണ്. അയ്യപ്പന്റെ വാജിവാഹനം എന്ന സങ്കല്‍പമെടുത്താനും ഈ വാജിവാഹനം അമൂല്യമായ നിധി തന്നെ. ഉത്സവം നടക്കുന്ന നാള്‍ മുതല്‍ ആറാട്ട് വരെയുള്ള ദിവസങ്ങളില്‍ അയ്യപ്പന്‍ ഈ വാജിവാഹനത്തിന് പുറത്താണ് സഞ്ചരിക്കുക എന്നതാണ് സങ്കല്‍പം.
















