മുംബൈ: മഹാരാഷ്‌ട്രയിലെ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. ആകെ മത്സരിച്ച 152 സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയിക്കാനായത് 15 സീറ്റുകളില്‍ മാത്രം. ഏറ്റവുമൊടുവില്‍ ഇവിടെ തെരഞ്ഞെടുപ്പ് നടന്ന 2017ല്‍ കോണ്‍ഗ്രസ് 31 സീറ്റുകളില്‍ വിജയിച്ചിരുന്നു. ഇതോടെ മുംബൈയിലെ തോല്‍വിക്ക് കാരണം വോട്ട് ചോരിയാണ് എന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി വലിയ പെട്ടികളില്‍ വോട്ടര്‍പട്ടികയും നിറച്ച് വാര്‍ത്താസമ്മേളനത്തിനെത്തുമോ എന്ന പരിഹാസം സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്.
ബൃഹന്‍മയ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലേക്കുള്ള 227 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം 125 സീറ്റുകളില്‍ വിജയിച്ചു. ഉദ്ധവ് താക്കറെ-രാജ് താക്കറെ സഖ്യത്തിന് നേടാനായത് വെറും 75 സീറ്റുകള്‍ മാത്രമാണ്. 28 വര്‍ഷം നീണ്ട ഉദ്ധവ് താക്കറെയുടെ ശിവസേനയുടെ ആധിപത്യമാണ് തകര്‍ന്നത്.
വെള്ളിയാഴ്ചത്തെ ട്രെൻഡുകൾ കാണിക്കുന്നത് പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള VBA, RSP, RPI (Gawai) എന്നിവയുമായുള്ള സഖ്യംകോണ്‍ഗ്രസിനെ സഹായിച്ചില്ല എന്നാണ്, വിശകലന വിദഗ്ധർ വിലയിരുത്തുന്നത്. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിൽ നിന്ന് ബിഎംസിയുടെ നിയന്ത്രണം ബിജെപിയും ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയും പിടിച്ചെടുക്കാനുള്ള ശ്രമത്തിലായതോടെ, കോൺഗ്രസ് ഒരു ചെറിയ കളിക്കാരനായി ചുരുങ്ങി. വോട്ടര്‍മാരും മുഖ്യമായി പരിഗണിച്ചിരുന്നത് ഒന്നുകില്‍ താക്കരെ സഹോദരന്മാരെയോ അതല്ലെങ്കില്‍ ബിജെപി-ഏക്നാഥ് ഷിന്‍ഡേ സഖ്യത്തെയോ ആയിരുന്നു.
തിരഞ്ഞെടുപ്പിന് മുമ്പ്, കോൺഗ്രസ് അതിന്റെ മഹാ വികാസ് അഘാഡി (എംവിഎ) പങ്കാളികളായ ശിവസേന (യുബിടി), എൻസിപി (എസ്പി) എന്നിവയുമായി സഖ്യം വേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ ശിവസേന- രാജ് താക്കറെയുടെ മഹാരാഷ്‌ട്ര നവനിർമ്മാൺ സേന എന്നിവയുമായി കൈകോർക്കുന്നത് ഉത്തരേന്ത്യൻ ന്യൂനപക്ഷ വോട്ട് ബാങ്കുകളെ അകറ്റുമെന്ന് കോണ്‍ഗ്രസ് ഭയപ്പെട്ടിരുന്നു. എന്നാൽ കോണ്‍ഗ്രസിന്റെ തന്ത്രം പരാജയപ്പെട്ടതായി തോന്നുന്നതായി രാഷ്‌ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു.
പകരം, മറാത്തികളല്ലാത്ത ഹിന്ദു വോട്ടുകളെ ബിജെപിഏകീകരിച്ചതോടെ കോണ്‍ഗ്രസിന് ഇരട്ട പ്രഹരം നേരിടേണ്ടിവന്നു, അതേസമയം ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി)- രാജ് താക്കറെയുടെ എംഎൻഎസ് സഖ്യം ബിജെപി വിരുദ്ധ ഹിന്ദുവോട്ടുകളുടെ ഒരു പ്രധാന ഭാഗവും സ്വന്തമാക്കി. ഇരു ശക്തികളും ചേര്‍ന്ന് കോൺഗ്രസിനെ മധ്യത്തിലിട്ട് ഞെരുക്കുകയായിരുന്നു.
പല പരമ്പരാഗത ശക്തികേന്ദ്രങ്ങളിലും, ഭാഷാപരവും മതപരവുമായ ധ്രുവീകരണവും പ്രതിധ്രുവീകരണവും കാരണം ബിജെപിക്കും ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയ്‌ക്കും മുന്നിൽ കോൺഗ്രസ് നിലംപരിശായി.
കോൺഗ്രസിന്റെ പരാജയത്തിന് കാരണം തുടർച്ചയായ ആഭ്യന്തര കലഹവും യോജിച്ച പ്രചാരണ തന്ത്രത്തിന്റെ അഭാവവുമാണെന്ന് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു. “മുംബൈയിലെ കോൺഗ്രസ് ഒരു ഏകീകൃത ശക്തിയല്ല, മറിച്ച് വ്യക്തിഗത പോക്കറ്റുകളുടെ പാർട്ടിയായി മാറിയിരിക്കുന്നു,” ഒരു രാഷ്‌ട്രീയ വിശകലന വിദഗ്ധൻ ചൂണ്ടിക്കാട്ടി. “ഭരണകക്ഷിയായ ബിജെപി നയിക്കുന്ന മഹായുതിയെ നേരിടാൻ വ്യക്തമായ ഒരു മുഖം കോണ്‍ഗ്രസിന് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. ‘എല്ലാവരെയും എതിർക്കുക’ എന്നതിനപ്പുറം ഒരു പ്രത്യേക അജണ്ടയും കോണ്‍ഗ്രസിന് ഇല്ലായിരുന്നു എന്ന് മാത്രമല്ല പരമ്പരാഗത പിന്തുണക്കാരെ കൂടെക്കൂട്ടുന്നതില്‍ പോലും കോണ്‍ഗ്രസ് പരാജയപ്പെട്ടു,” അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ കൂടുതൽ ആശങ്കാജനകമാക്കുന്നത് അതിന്റെ പരമ്പരാഗത വോട്ട് ബേസായ മുസ്ലിം, ദളിത് വോട്ടുകളുടെ ചോര്‍ച്ചയാണ്. പ്രാഥമിക ഡാറ്റ സൂചിപ്പിക്കുന്നത് മുസ്ലീം, ദലിത് വോട്ടുകളുടെ ഗണ്യമായ പങ്ക് അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം, അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി എന്നിവര്‍ പിടിച്ചതായി പറയുന്നു. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍
നേതൃമാറ്റത്തിനായുള്ള മുറവിളി ഉയരാന്‍ സാധ്യതയുണ്ട്. നിലവിൽ നഗരത്തിൽ കോണ്‍ഗ്രസിനെ നയിക്കുന്നത് എംപി വർഷ ഗെയ്‌ക്‌വാദാണ്.
മുംബൈ നഗരത്തില്‍ നിരവധി മേയർമാരെ സമ്മാനിച്ച ചരിത്രമുള്ള കോണ്‍ഗ്രസിന് , 15 സീറ്റുകളിലേക്കുള്ള ഇടിവ് ഒരു തിരഞ്ഞെടുപ്പ് തിരിച്ചടി മാത്രമല്ല, മറിച്ച് അത് മുംബൈ നഗരത്തില്‍ അപ്രസക്തമാകുന്നു എന്നതിന്റെ സൂചനയുമാണ്. വാഞ്ചിത് ബഹുജന്‍ അഘാഢി എന്ന അംബേദ്കറുടെ മകന്‍ പ്രകാശ് അംബേദ്കര്‍ നേതൃത്വം വഹിക്കുന്ന പാര്‍ട്ടിയുമായുള്ള സഖ്യം കോൺഗ്രസിന് വേണ്ടി ദലിത് വോട്ടുകൾ നേടിക്കൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഇത് അമ്പേ പരാജയപ്പെട്ടു. മുസ്ലിം വോട്ടര്‍മാരും കോണ്‍ഗ്രസിന് നഷ്ടമായിരിക്കുന്നു.
















