തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് മഹാരാഷ്‌ട്രയിലെ വിജയമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എന്‍ ഡി എയുടെ പുരോഗമന രാഷ്‌ട്രീയത്തെ ജനങ്ങള്‍ പിന്തുണക്കുന്നു. രാജവംശങ്ങള്‍, ഭീഷണികള്‍, നുണകള്‍, നിര്‍മ്മാണ വിവാദങ്ങള്‍ എന്നിവയുടെ ജീര്‍ണിച്ചു പഴകിയ രാഷ്‌ട്രീയത്തെ ജനം വ്യക്തമായി നിരസിക്കുകയും ചെയ്തിരിക്കുന്നു എന്നാണ് മഹാരാഷ്‌ട്രയും തെളിയിച്ചിരിക്കുന്നത്. മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ക്കും ദേവേന്ദ്രഫഡ്നാവിസ് , ഏക്നാഥ് ഷിന്‍ഡെ കൂടാതെ മുഴുവന്‍ മഹായുതി സംഘത്തിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
രാജ്യത്തെ വോട്ടര്‍മാരെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ഇനിയും നിസാരമായി കാണാനാവില്ല എന്ന കൃത്യമായ സന്ദേശവും ഈ വിജയം സൂചിപ്പിക്കുന്നു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ യുഗം ഇതോടെ അവസാനിച്ചു . ഇനിയും വരാനിരിക്കുന്നത് കാര്യക്ഷമതയുടെ രാഷ്‌ട്രീയമാണ്. ബിജെപിക്കും എന്‍ഡിഎക്കും അനുകൂലമായി നടന്ന ഈ ജനമുന്നേറ്റം നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
















