തിരുവനന്തപുരം: ജല അതോറിറ്റിയുടെ ഭൂമി കോടിയേരി ബാലകൃഷ്ണനും കെ.എം. മാണിക്കും സ്മാരകം നിര്‍മിക്കാന്‍ വിട്ടുനല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ആവശ്യപ്പെട്ടു. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കി.
ജനങ്ങളുടെ കുടിവെള്ള ആവശ്യങ്ങള്‍ക്കും അതോറിറ്റിയുടെ ഭാവി വികസനങ്ങള്‍ക്കും വിനിയോഗിക്കേണ്ട ഭൂമി ഇത്തരത്തില്‍ വിട്ടുനല്‍കുന്നത് അനുചിതമാണ്.
ജല അതോറിറ്റിയുടെ അധീനതയിലുള്ള ഓരോ സെന്റ് ഭൂമിയും ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള പദ്ധതി വിപുലീകരണങ്ങള്‍ക്കും പുതിയ പ്ലാന്റുകളുടെ നിര്‍മാണത്തിനുമായി കരുതിവച്ചിട്ടുള്ളതാണ്. ഇത് സ്മാരകങ്ങള്‍ക്കായി വിട്ടുനല്‍കുന്നത് അതോറിറ്റിയുടെ സുഗമമായ പ്രവര്‍ത്തനത്തെയും വികസനത്തുടര്‍ച്ചയെയും ദോഷകരമായി ബാധിക്കും. പൊതുഭൂമിയില്‍ സ്മാരകങ്ങള്‍ പണിയുന്നത് നിയമവിരുദ്ധമാണെന്ന് വിവിധ ഉത്തരവുകളിലൂടെ സുപ്രീംകോടതിയും ഹൈക്കോടതിയും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പ്രദീപ് പ്രസ്താവനയില്‍ പറഞ്ഞു.
















