മാറനാട് : മണ്ണൂർക്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പ് തടഞ്ഞ ദേവസ്വം ബോർഡ് നടപടിക്കെതിരെ ഭക്തജന പ്രതിഷേധം. 18 ന് ദശാവതാരച്ചാർത്തോടെ തുടങ്ങി 28 ന് ഉത്സവത്തോടെ സമാപിക്കേണ്ട ആഘോഷമാണ് ക്ഷേത്ര ഉപദേശക സമിതിയുടെ കാലാവധി കഴിഞ്ഞെന്ന തൊടുന്യായം പറഞ്ഞ് ബോർഡ് അധികൃതർ വിലക്കിയത്.
ദേവസ്വം ബോർഡ് അനാസ്ഥയാണ് ഉപദേശകസമിതി പുന:സംഘാടനം വൈകിക്കുന്നതെന്ന് ഭക്തജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉത്സവ പരിപാടികൾ നിശ്ചയിച്ചതും നോട്ടീസ് അടക്കമുള്ള പ്രചാരണം ആരംഭിച്ചതും ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ്. എന്നാൽ കഴിഞ്ഞ ദിവസം ഉത്സവം നടത്താനാവില്ലെന്ന് അവർ കടുംപിടിത്തം പിടിക്കുകയായിരുന്നു. ഇന്നലെ മലയാള മാസം ഒന്നാം തീയതിയുള്ള പതിവ് ഭാഗവത പാരായണവും നടന്നില്ല.
ദേവസ്വം ബോർഡിന്റെ ക്ഷേത്ര വിരുദ്ധ നടപടികൾ അപലപനീയമാണെന്ന് ഭക്തജനക്കൂട്ടായ്‌മ പ്രതികരിച്ചു. ഇന്നലെ ചേർന്ന പ്രതിഷേധ പരിപാടി ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ സെക്രട്ടറി ആർ. ടി. ശ്യാം ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മുൻ ഉപദേശക സമിതി പ്രസിഡൻ്റ് ഉണ്ണികൃഷ്ണപിള്ള അധ്യക്ഷനായി ക്ഷേത്രം സെക്രട്ടറി ശ്യാം കുമാർ. വാർഡ് മെമ്പർ പാലം ബിജു , പ്രകാശ് വാഴപ്പള്ളി, ജി.എസ്. അനിൽ കുമാർ എന്നിവർ സംസാരിച്ചു.
















