തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേരള കോണ്‍. നേതാവും മുന്‍ മന്ത്രിയുമായ കെ.എം. മാണിക്കും സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്കുന്ന ഭൂമി, സ്ഥല പരിമിതി മൂലം വീര്‍പ്പുമുട്ടുന്ന ജല അതോറിറ്റിയുടേത്. അതോറിറ്റി ഉദ്യോഗസ്ഥര്‍ എതിര്‍പ്പറിയിച്ചെങ്കിലും മാണിയുടെ സ്മാരകത്തിനു കൂടി ഭൂമി നല്കിയതോടെ കേരള കോണ്‍ഗ്രസ് നേതാവു കൂടിയായ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന് സമ്മതം.
മാണിക്ക് സ്മാരകം നിര്‍മിക്കുന്നത് വെള്ളയമ്പലത്ത് വാട്ടര്‍ അതോറിറ്റി ആസ്ഥാനമായ ജലഭവന്റെ 10 കോടിയില്‍പ്പരം വിലയുള്ള 25 സെന്റ് ഭൂമിയിലാണ്. വര്‍ഷം വെറും 1012 രൂപയ്‌ക്ക് 30 വര്‍ഷത്തേക്കാണ് പാട്ടം. ഒരു ആറിന് (നൂറ് ചതുരശ്ര മീറ്റര്‍) 100 രൂപയാണ് വാടക. തോമസ് ഐസക് ധനമന്ത്രിയായിരിക്കേ മാണിക്ക് സ്മാരകം നിര്‍മിക്കാന്‍ 2020-21ലെ ബജറ്റില്‍ അഞ്ചു കോടി അനുവദിച്ചിരുന്നു. എന്നാല്‍ ഭൂമി നല്കിയിരുന്നില്ല. ജോസ് കെ. മാണിയുടെ മുന്നണി മാറ്റ ചര്‍ച്ച ചൂടുപിടിച്ചിരിക്കേയാണ് വസ്തു നല്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഭാവിയില്‍ പ്ലാന്റ് നിര്‍മിക്കേണ്ടി വന്നാല്‍ പണം നല്കി ഭൂമി വാണ്ടേണ്ട സാഹചര്യമായി.
കോടിയേരി സ്മാരകത്തിന് വാട്ടര്‍ അതോറിറ്റി തലശ്ശേരി സബ്ഡിവിഷന്റെ പരിധിയിലുള്ള കോണോര്‍വയലില്‍ 113.9 സെന്റ് വസ്തുവാണ് കോടിയേരി ബാലകൃഷ്ണന്‍ മെമ്മോറിയല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സിന് ദീര്‍ഘകാലത്തേക്ക് നാമമാത്രമായ തുകയ്‌ക്ക് പാട്ടത്തിന് നല്കുന്നത്. ഒരേക്കര്‍ 14 സെന്റ് ഭൂമിക്ക് 352 രൂപയാണ് മാസ വാടക. കോണോര്‍വയല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിനും കെഎസ്ആര്‍ടിസി ഡിപ്പോയ്‌ക്കും സമീപം കോടികളുടെ വിലയുള്ള ഭൂമിയാണ് ഇതും. 114.5 സെന്റ് കൈമാറാനാണ് തലശ്ശേരി തഹസില്‍ദാര്‍ ജല അതോറിറ്റിയോട് ആവശ്യപ്പെട്ടത്. അപകടാവസ്ഥയിലുള്ള തലശ്ശേരി സബ്ഡിവിഷന്‍ ഓഫീസും കൊടുവള്ളി സെക്ഷന്‍ ഓഫീസും ഭാവിയില്‍ ഈ ഭൂമിയിലുള്ള രണ്ട് കെട്ടിടങ്ങളിലും പ്രവര്‍ത്തിക്കേണ്ടതാണ്.
രണ്ടിടത്തും ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നല്കരുതെന്ന് ആവശ്യപ്പെട്ട് അതത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മേലധികാരികള്‍ക്ക് കത്തു നല്കിയിട്ടുണ്ട്.
















