തിരുവനന്തപുരം: തടവുകാര്‍ക്ക് ദിവസവേതനം കുത്തനെ കൂട്ടിയതിനെ വിമര്‍ശിച്ച് ബിജെപി നേതാവും ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ. ഇടത് സര്‍ക്കാരിന്റെ കീഴില്‍ ജയില്‍ വകുപ്പ് മേധാവിയായി ജോലി നോക്കാന്‍ ഇടവന്നതില്‍ ലജ്ജ തോന്നുന്നത് ഇതാദ്യമാണെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സെന്‍ട്രല്‍ ജയിലുകളില്‍ ഉളളത് കൊടുംകുറ്റവാളികളാണ്. ഇനി അവര്‍ക്ക് വേണ്ടി ഭീമമായ തുക മുടക്കി പരിശീലനം നല്‍കി, മന പരിവര്‍ത്തനം നടത്തി നല്ലവരാക്കി, മാന്യമായ ജോലിക്ക് പ്രാപ്തരാക്കി വിടേണ്ട ആവശ്യം ഉണ്ടോയെന്ന് ശ്രീലേഖ ചോദിച്ചു. പുറത്തിറങ്ങിയാല്‍ കിട്ടുമോ ഇത്രയും വലിയ ദിവസ വേതനവും പോഷക സമൃദ്ധമായ സൗജന്യ ഭക്ഷണവും. സമൂഹത്തിലെ കുറ്റകൃത്യം പ്രോത്സാഹിപ്പിക്കലല്ലേ സര്‍ക്കാര്‍ ചെയ്യുന്നത്.
സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ കൂലി കുത്തനെയാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. നൈപുണ്യം ആവശ്യമുളള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. അര്‍ദ്ധ നൈപുണ്യം ആവശ്യമുളള ജോലികള്‍ക്ക് 560രൂപയും നൈപുണ്യം ആവശ്യമില്ലാത്ത ജോലികളില്‍ 530 രൂപയുമാക്കിയാണ് വര്‍ധിപ്പിച്ചത്. 2018 ല്‍ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്.
നേരത്തെ നൈപുണ്യം ആവശ്യമില്ലാത്ത ജോലികള്‍ ചെയ്യുന്നവര്‍ക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയര്‍ത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് വര്‍ദ്ധിപ്പിച്ചത്. നാല് സെന്‍ട്രല്‍ ജയിലുകളിലെ ശിക്ഷാ തടവുകാര്‍ക്ക് ആനൂകൂല്യം ലഭിക്കും. മൂവായിരത്തിലധികം ജയില്‍പുള്ളികള്‍ക്കാണ് വേതനം വര്‍ദ്ധിക്കുക.
















