ആലപ്പുഴ: വികസിത് ഭാരത് ജി റാം ജി പദ്ധതി നടപ്പിലാക്കിയാല്‍ ആര്‍ക്കും തൊഴില്‍ ഉണ്ടാവില്ലെന്ന് പറഞ്ഞ് ഇടത് – വലത് മുന്നണികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി ആലപ്പുഴ മേഖലാ പ്രസിഡന്റ് എന്‍ ഹരി.
നിലവില്‍ 100 തൊഴില്‍ ദിനം ആണെങ്കില്‍,വികസിത് ഭാരത് – ജി റാം ജി യിലൂടെ തൊഴില്‍ ദിനം 125 ആയി ഉയരും. ഇതിലൂടെ 25 ശതമാനം വരുമാന വര്‍ദ്ധനവാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുണ്ടാവുകയെന്നും തൊഴിലാളികള്‍ക്ക് കൂടുതല്‍ സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നതാണ് പുതിയ പദ്ധതിയെന്നും എന്‍ ഹരി പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ശേഷം ഗ്രാമ വികസനത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ടുള്ള മഹത്തായ സംരംഭമാണ് മോദി സര്‍ക്കാരിന്റെ ‘വികസിത് ഭാരത്: ജി റാം ജി’ ആക്ട്.
വികസിത ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് ആജീവിക മിഷന്‍ ( ഗ്രാമീണ്‍ ) നിയമത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് മുന്നോടിയായി വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള ബിജെപി പ്രതിനിധികള്‍ക്കായി ആലപ്പുഴ നോര്‍ത്ത് – സൗത്ത് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ആലപ്പുഴ ജില്ലാതല ശില്പശാലയുടെ ഉദ്ഘാടനം ദീനദയാല്‍ ഭവനില്‍ നിര്‍വഹിക്കുകയായിരുന്നു എന്‍ ഹരി.ശില്പശാലയില്‍ ബിജെപി നോര്‍ത്ത് ജില്ല പ്രസിഡണ്ട്
അഡ്വ പി കെ ബിനോയ് അദ്ധ്യക്ഷത വഹിച്ചു . ബിജെപി സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാര്‍ , ബിജെപി നോര്‍ത്ത് ജില്ല ജനറല്‍ സെക്രട്ടറി വിമല്‍ രവീന്ദ്രന്‍, സൗത്ത് ജില്ല ജനറല്‍ സെക്രട്ടറി അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു
















