ന്യൂദല്‍ഹി: സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന് (എസ്ഐആര്‍) ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം നല്‍കാമെന്ന് ഇലക്ഷന്‍ കമ്മിഷന്‍ സുപ്രിം കോടതിയെ അറിയിച്ചു. കേരളത്തിലെ എസ്ഐആര്‍ പ്രക്രിയയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികള്‍ കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പേര്, ഇതിനകം പ്രദര്‍ശിപ്പിച്ചിട്ടില്ലെങ്കില്‍, ഗ്രാമപ്പഞ്ചായത്ത് ഓഫീസുകളിലോ പൊതു ഓഫീസിലോ പ്രദര്‍ശിപ്പിക്കുകയും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുകയും വേണമെന്ന് കോടതി പറഞ്ഞു.
ഫോമുകള്‍ സമര്‍പ്പിക്കുന്നതിനുള്ള ആദ്യ സമയപരിധി ഡിസംബര്‍ 4ല്‍ നിന്ന് ഡിസംബര്‍ 11 വരെ നീട്ടിയിരുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബെഞ്ചിനെ അറിയിച്ചു. കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് വീണ്ടും അവസാന തീയതി ഡിസംബര്‍ 18 വരെ നീട്ടിയിരുന്നു.
















