;മിഡിൽ ഈസ്റ്റിലും ദക്ഷിണേഷ്യയിലും ഒരു പുതിയ സൈനിക സഖ്യം ഉയർന്നുവരുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ ഇതിനകം ഒപ്പുവച്ച പ്രതിരോധ കരാറിൽ തുർക്കിയും ഇപ്പോൾ ഒപ്പുവച്ചിട്ടുണ്ട്. ഈ കരാറിനെ നാറ്റോയുടെ കൂട്ടായ പ്രതിരോധ മാതൃകയ്‌ക്ക് സമാനമാണെന്ന് വിശേഷിപ്പിക്കപ്പെടുന്നു. അതിൽ ഒരു അംഗത്തിനെതിരെയുള്ള ആക്രമണം മുഴുവൻ ബ്ലോക്കിനുമെതിരെയുള്ള ആക്രമണമായി കണക്കാക്കും. ഇക്കാരണത്താൽ, ഇതിനെ അനൗപചാരികമായി ഇസ്ലാമിക നാറ്റോ എന്നും വിളിക്കുന്നു .
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ഈ പരസ്പര പ്രതിരോധ കരാറിൽ തുർക്കിയുടെ പ്രവേശനം സംബന്ധിച്ച ചർച്ചകൾ വളരെ പുരോഗമിക്കുകയാണ്. ഈ കരാർ ഉടൻ അന്തിമമായേക്കും. പാകിസ്ഥാൻ കെട്ടിപ്പടുക്കുന്ന “ഇസ്ലാമിക് നാറ്റോ” എത്രത്തോളം അപകടകരമാകുമെന്നാണ് ചോദ്യം.
2025 സെപ്റ്റംബറിലാണ് സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ തന്ത്രപരമായ പ്രതിരോധ കരാറിൽ ഒപ്പുവച്ചത് . ഈ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ, ഒരു രാജ്യത്തിനു നേരെയുള്ള ആക്രമണം രണ്ടു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നതായിരുന്നു. ഈ വ്യവസ്ഥ നാറ്റോയുടെ ആർട്ടിക്കിൾ 5 ന് സമാനമാണ്.
ഈ മൂന്ന് രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം പുതിയ കാര്യമല്ല. തുർക്കി ഇതിനകം തന്നെ പാകിസ്ഥാന് വേണ്ടി കോർവെറ്റ് യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്നുണ്ട്, കൂടാതെ അവരുടെ F-16 യുദ്ധവിമാനങ്ങൾ നവീകരിച്ചിട്ടുമുണ്ട്. ഡ്രോൺ സാങ്കേതികവിദ്യയും പങ്കുവെക്കുന്നുണ്ട്. അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയിൽ പങ്കെടുക്കാൻ പാകിസ്ഥാനെയും സൗദി അറേബ്യയെയും തുർക്കി ക്ഷണിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയ്‌ക്കും ഇസ്രായേലിനും ഒരു പോലെ തിരിച്ചടിയാകുന്നതാണ് ഈ നീക്കമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് പാകിസ്ഥാനെ പിന്തുണച്ച് ഇന്ത്യയ്‌ക്കെതിരെ നിന്ന രാജ്യമാണ് തുർക്കി. തുർക്കി നാറ്റോ അംഗമാണെന്നും സൗദി അറേബ്യക്ക് അമേരിക്കയുടെ സുരക്ഷാ പിന്തുണയുണ്ടെന്നും എന്നിരിക്കെ എന്തിനാണ് ഒരു ‘ഇസ്ലാമിക് നാറ്റോ’ എന്ന ചോദ്യം ഉയരുന്നുണ്ട്. അതേസമയം എന്തെങ്കിലുമൊരു നീക്കമുണ്ടായാൽ തുർക്കിയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
നാറ്റോ അംഗത്വമുണ്ടെങ്കിൽ പോലും തുർക്കിക്ക് അത് ഇസ്രായേലിന്റെ കാര്യത്തിൽ സുരക്ഷ നൽകില്ലെന്ന് ചില നിരീക്ഷകർ വിലയിരുത്തുന്നു.ഹമാസിലേക്കുള്ള റിക്രൂട്ട്മെൻ്റും ഫണ്ട് ശേഖരണവും നടത്താൻ തുർക്കി സഹായിക്കുന്നു എന്നാണ് ഇസ്രായേലിന്റെ ആരോപണം.ഇസ്രായേൽ ഇറാൻ, സിറിയ, യെമൻ, ഖത്തർ എന്നീ രാജ്യങ്ങളെ ആക്രമിച്ചു കഴിഞ്ഞിട്ടുണ്ട്. മേഖലയിലെ വ്യോമ പ്രതിരോധങ്ങളെ വിലവെക്കാതെയും, അന്താരാഷ്‌ട്ര മാനദണ്ഡങ്ങളെ മറികടന്നും ഇസ്രായേലിന് ആക്രമണം നടത്താൻ കഴിയുന്നു. ഇത് തുർക്കിയെ വല്ലാതെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
















