തുടി കൊട്ടിയും കുഴലൂതിയും പാരമ്പര്യത്തിന് പുതിയ മുഖവും പെരുമയും നല്‍കി അവര്‍ ആടി തിമിര്‍ത്തു. കലോത്സവ വേദി മൂന്നില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ അവതരിപ്പിച്ച പണിയ നൃത്തം കാണികളെ ഹരം കൊള്ളിച്ചു. തുടിയും ചീനിത്തണ്ടില്‍ ഉണ്ടാക്കിയ കുഴലും ഉപയോഗിച്ച് മത്സരാര്‍ത്ഥികള്‍ ഗോത്രവര്‍ഗ്ഗത്തിന്റെ കാര്‍ഷിക കലാരൂപം ആടി തിമിര്‍ത്തു .
‘ കമ്പള ചോറുക്കു കുമ്പളക്കറി
കുത്തരി ചോറുക്കു താളുന്ന താടേ…’ എന്ന
പാട്ടും
‘ ആണ്ടിലേ ആര്‍ന്നായേ
കൊഞ്ചുതാലോ കൊയ്‌ക്കാലോ
മറഞ്ചിട്ടും തിരിഞ്ചിട്ടും
നോക്കിഞ്ചാ കക്കച്ചി ‘
എന്ന പാട്ടുകളും തമിഴും കന്നഡയും മലയാളവും കലര്‍ന്ന ഭാഷയിലുള്ള സാഹിത്യത്തില്‍ പാടി അവതരിപ്പിച്ചു.
കൂടാതെ മറ്റ് നിരവധി പാട്ടുകളും ഉപയോഗിച്ചു.
വട്ടക്കളിയെന്നും കുമ്പള നാട്ടിയെന്നും ഒരു പാട്ടില്‍ രണ്ടു ഭാഗങ്ങളാണ് പണിയ നൃത്തത്തിലുള്ളത്. വയലുകളില്‍ ഞാറ് നടുന്ന വേളയില്‍ പാടുന്ന പാട്ടുകളും വിവാഹവുമായി ബന്ധപ്പെട്ട പാട്ടുകളുമാണ് പണിയനൃത്തം അവതരിപ്പിക്കുന്നതിനുള്ളത്
കടുത്ത പോരാട്ടമാണ് മത്സരാര്‍ത്ഥികള്‍ കാഴ്ചവെച്ചത്. വിധികര്‍ത്താക്കളെ പോലും അമ്പരിപ്പിച്ചു കൊണ്ടുള്ള പ്രകടനമാണ് വേദിയില്‍ നടന്നത് .
മത്സരിച്ച എല്ലാം ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചതു തന്നെ മത്സരത്തിന്റെ കാഠിന്യം മനസിലാക്കാം .നിശ്ചയിച്ച സമയം കഴിഞ്ഞ് ഒരു മണിക്കൂര്‍ വൈകിയാണ് മത്സരം നടന്നതെങ്കിലും വിദ്യാര്‍ത്ഥികളുടെ പ്രകടനം അതിനെ മറികടന്നുവെന്ന് വേണം പറയാന്‍.
















