തൃശൂര്‍: പ്രൗഢഗംഭീര സാംസ്‌കാരിക ഘോഷയാത്രയോടെ തൃശൂരില്‍ കലയുടെ മാമങ്കത്തിന് അരങ്ങുണരുകയാണ്. തൃശൂര്‍ സി എം എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്നും ഘോഷയാത്ര ആരംഭിച്ചു. സാംസ്‌കാരിക നഗരിയുടെ തനിമ വിളിച്ചോതി വിവിധ സ്‌കൂള്‍ വിദ്യാര്‍ത്ഥി കളും കലാരുപങ്ങളും വടക്കുംനാഥ ക്ഷേത്ര മൈതാനിയെ കലയുടെ പൂരാവേശമുയര്‍ത്തി. തൃശൂര്‍ റൗണ്ട് ചുറ്റി ഘോഷയാത്ര വടക്കുനാഥ ക്ഷേത്ര മൈതാനത്തെ വേദി ഒന്നില്‍ (സൂര്യകാന്തി ) സമാപിച്ചു.
സ്വര്‍ണക്കപ്പ് ഘോഷയാത്രക്ക് ആവേശ സ്വീകരണം
സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്ക് സമ്മാനിക്കുന്ന സ്വര്‍ണകപ്പ് തൃശൂര്‍ ജില്ലയിലെ വിവിധ സ്‌കൂളില്‍ നിന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കലാ നഗരിയിലെത്തി. ജില്ലയിലെ 14 സ്വീകരണ കേന്ദ്രങ്ങള്‍ പിന്നിട്ട് തൃശൂര്‍ സി എം എസ് സ്‌കൂളില്‍ സ്വര്‍ണകപ്പ് ഘോഷയാത്ര സമാപിച്ചു. 12, 13 തീയതികളിലായി സംഘടിപ്പിച്ച സ്വര്‍ണക്കപ്പ് ഘോഷയാത്ര രണ്ടാം ദിനം വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പര്യടനം ആരംഭിച്ചു. ഒല്ലൂര്‍ സെന്റ് മേരിസ് സി ജി എച്ച് എസ് സ്‌കൂളിലെ ഘോഷയാത്ര സ്വീകരണം മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇരിങ്ങാലക്കുട എല്‍ എഫ് സി എച്ച് എസ് തുടങ്ങിയ സ്‌കൂളുകളില്‍ സ്വര്‍ണ്ണ കപ്പിന് സ്വീകരണം ഒരുക്കിയിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് ഊഷ്മള സ്വീകരണം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘത്തിന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഊഷ്മള സ്വീകരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ കെ ടി സി ടി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ ആദ്യം എത്തിയത്. പുലിക്കളി, മുത്തുകുട, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയായിരുന്നു കലാപ്രതിഭകള്‍ക്ക് സ്വീകരണം ഒരുക്കിയത്. കലോത്സവ നഗരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസവും ഉത്സാഹവും പകരുന്ന ചടങ്ങായിരുന്നു ഇത്. വിദ്യാര്‍ത്ഥികളെ അക്കോമഡേഷന്‍ സെന്ററിലേക്ക് കൊണ്ടുപോകുന്നതിനുള്ള വാഹനം മന്ത്രി വി. ശിവന്‍കുട്ടി ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു.
കലവറ റെഡി
സംസ്ഥാന സ്‌കൂള്‍ കലാത്സവത്തിനോടനുബന്ധിച്ച് ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന ഭക്ഷണപ്പുര സജീവമായി. മന്ത്രി വി. ശിവന്‍കുട്ടി കലവറ നിറയ്‌ക്കല്‍ ഉദ്ഘാടനം ചെയ്തു.ഭക്ഷണ പന്തലില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങില്‍ പഴയിടം മോഹനന്‍ നമ്പൂതിരി തിരി തെളിയിച്ചു.
നാല് നേരമായി 60,000 പേര്‍ക്ക് ഭക്ഷണം നല്‍കേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. കുട്ടികളില്‍ നിന്ന് ശേഖരിച്ച തേങ്ങയടക്കം പലതരത്തിലുള്ള പച്ചക്കറികള്‍ ഒരു ദിവസം ഭക്ഷണമൊരുക്കുന്നതിന് ഉപയോഗിക്കും. മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷ്, കലോത്സവത്തിനായി സ്വാദിഷ്ടമായ ഭക്ഷണമൊരുക്കുന്നതിന് നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരി, ഭക്ഷണകമ്മിറ്റി അംഗങ്ങള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















