കിളിമാനൂര്‍: നിര്‍മ്മാണ കലയിലെ സാങ്കേതികതയും ചിത്രകലയുടെ സൗന്ദര്യവും സമന്വയിപ്പിച്ച് ലങ്കാഷെയറിലെ പ്രെസ്റ്റണില്‍ ശ്രദ്ധേയയായി മലയാളി കലാകാരി. കിളിമാനൂരിന് സമീപം കുമ്മിള്‍ പാറമുകള്‍ വീട്ടില്‍ അനില്‍കുമാര്‍ ബൈജു ദമ്പതികളുടെ മകള്‍ മഞ്ജിമ (27) യാണ് ശ്രദ്ധേയമാകുന്നത്. ബിജെപി കിളിമാനൂര്‍ മണ്ഡലം വൈസ് പ്രസിഡന്റാണ് അനില്‍ കുമാര്‍. പഠനത്തിനായാണ് മഞ്ജിമ യുകെയിലെത്തിയത്.
പൈതൃകം, വാസ്തുവിദ്യ, പൊതുവിടങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ഡിസിപ്ലിനറി വിഷ്വല്‍ ആര്‍ട്ടിസ്റ്റായ മഞ്ജിമ, സ്വത സിദ്ധമായ വൈദഗ്ധ്യം കൊണ്ട് യുകെയിലെ കലാരംഗത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയിരിക്കുകയാണ്.
യൂണിവേഴ്‌സിറ്റി ഓഫ് ലങ്കാഷെയറില്‍ നിന്നും 2023 ല്‍ കണ്‍സ്ട്രക്ഷന്‍ പ്രോജക്ട് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ മഞ്ജിമ അനില്‍കുമാര്‍, കെട്ടിട നിര്‍മ്മാണത്തിലെ സാങ്കേതിക കൃത്യതയും ലാര്‍ജ് സ്‌കെയില്‍ ഫൈന്‍ ആര്‍ട്ടും തമ്മിലുള്ള അപൂര്‍വ സംഗമമാണ് തന്റ സൃഷ്ടികളിലൂടെ ആവിഷ്‌കരിക്കുന്നത്.
പ്രെസ്റ്റണിലെ ‘കൊച്ചി ബേ’ റെസ്റ്റോറന്റിന്റെ ചുമരില്‍ മഞ്ജിമ വരച്ച കൂറ്റന്‍ മ്യൂറല്‍ പെയിന്റിംഗ് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യന്‍ പൈതൃകവും എഞ്ചിനീയറിംഗ് ബിരുദത്തിലൂടെ ആര്‍ജ്ജിച്ച കൃത്യതയും ചേര്‍ന്നതാണ് മഞ്ജിമയുടെ ഓരോ രചനകളും. പ്രെസ്റ്റണിലെ ഈ മ്യൂറലിന് ലഭിച്ച സ്വീകാര്യത യുകെയിലെ വ്യത്യസ്ത നഗരങ്ങളിലെ ഒരേ ബ്രാന്‍ഡിന് മഞ്ജിമ ഇതിനോടകം ക്ഷണം നേടിക്കഴിഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ വിഗാന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ‘പ്രണയനില’ പരിപാടിയില്‍ മഞ്ജിമ വരച്ച പോര്‍ട്രെയ്റ്റുകള്‍ കാണികളെ വിസ്മയിപ്പിച്ചിരുന്നു. നവംബറില്‍ ‘മാണിക്കത്ത് മിസ് മലയാളി യുകെ സീസണ്‍ 2’ ഗ്രാന്‍ഡ് ഫിനാലെയില്‍ മഞ്ജിമ ഒരുക്കിയ ‘ഹാഫ് തെയ്യം’ ഫേസ് പെയിന്റിംഗ് ഏറെ ശ്രദ്ധേയമായിരുന്നു. കൃത്യതയാര്‍ന്ന കലാസൃഷ്ടിയിലൂടെ യുകെയിലെ വൈവിധ്യമാര്‍ന്ന കലാരംഗത്ത് ഭാരത പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കാനാണ് മഞ്ജിമ ലക്ഷ്യമിടുന്നത്.
പ്രോജക്ട് മാനേജ്‌മെന്റില്‍ പൊതുവെ കെട്ടിടത്തിന്റെ സമഗ്രതയെയെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാല്‍ നിര്‍മ്മാണ മേഖലയിലെ അനുഭവ പരിചയം നല്‍കുന്ന ആത്മവിശ്വാസം തന്റെ വലിയ ക്യാന്‍വാസുകളിലും പ്രതിഫലിക്കുന്നുണ്ടെന്ന് മഞ്ജിമ പറയുന്നു.
നിലവില്‍ ലങ്കാഷെയറിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്നെ മഞ്ജിമ ക്രിയേറ്റീവ് പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.
















