പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ 13-ാം പ്രതിസ്ഥാനത്തുള്ള തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. കേസില്‍ അറസ്റ്റ് ചെയ്യാന്‍തക്ക ഒരു കുറ്റവും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് തന്ത്രി ജാമ്യാപേക്ഷയില്‍ പറയുന്നത്. അനുജ്ഞ വാങ്ങാതെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ കൊടുത്തുവിട്ടു എന്നതാണ് പ്രധാന ആരോപണം. ചോദ്യം ചെയ്യലില്‍ ഇക്കാര്യത്തിലുള്ള വിശദീകരണം എസ്‌ഐടിക്ക് നല്‍കിയിരുന്നു. അനുജ്ഞാ പൂജ നടത്താന്‍ ആവശ്യപ്പെട്ട് ബോര്‍ഡ് നിയമപ്രകാരം കത്ത് നല്‍കിയിരുന്നില്ല. ഒപ്പം, പാളികള്‍ കൊടുത്തുവിട്ടു എന്ന ആരോപണവും ശരിയല്ല. ക്ഷേത്ര ഉടമ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. കട്ടിളപ്പാളികള്‍ സ്വര്‍ണം പൂശുന്നതിന് ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈക്ക് കൊടുത്തുവിടാന്‍ തീരുമാനമെടുത്തത് ബോര്‍ഡാണ്. തന്ത്രി പ്രവര്‍ത്തിക്കുന്നത് ബോര്‍ഡ് നല്‍കുന്ന നിര്‍ദേശം പാലിച്ചാണ്. ഭരണച്ചുമതലയല്ല, ദേവപൂജയുമായി ബന്ധപ്പെട്ട താന്ത്രിക കര്‍മ്മങ്ങള്‍ ചെയ്യുക എന്നതാണ് തന്ത്രിയുടെ ജോലി. അതിനാല്‍ പൂജാ വിധികളുടെ കാര്യത്തിലല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ ബോര്‍ഡ് തീരുമാനത്തെ എതിര്‍ക്കാന്‍ തന്ത്രിക്ക് അധികാരമില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി.
തന്ത്രി ആവശ്യപ്പെട്ടിട്ടാണ് പാളികള്‍ കൊടുത്തുവിട്ടതെന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ വാദം ശരിയല്ലെന്ന് എസ്‌ഐടി തന്നെ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന ഒരു തെളിവും ലഭ്യമായിട്ടില്ലെന്നാണ് എസ്‌ഐടി അന്ന് ഹൈക്കോടതിയെ അറിയിച്ചത്. ദ്വാരപാലക ശില്‍പ പാളികള്‍ പോറ്റിവശം ചെന്നൈക്ക് കൊടുത്തുവിടണമെന്ന് താന്‍ ആവശ്യപ്പെട്ടതായോ കൊള്ളക്കു കൂട്ടുനിന്നതായോ ഏതെങ്കിലും വിധത്തില്‍ ലാഭമുണ്ടാക്കിയതായോ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
കട്ടിളപ്പാളി കേസിലാണ് തന്ത്രി അറസ്റ്റിലായത്. ദ്വാരപാലക പാളി കേസിലും അറസ്റ്റിന് സാധ്യതയുണ്ട്. തന്ത്രിയുടെ വാദങ്ങളെ എസ്‌ഐടി ശക്തമായി എതിര്‍ക്കുമെന്ന് ഉറപ്പാണ്. എങ്കിലും ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. അങ്ങനെയെങ്കില്‍ സ്വര്‍ണക്കൊള്ള കേസില്‍ ആദ്യം ജാമ്യം ലഭിക്കുന്ന ആളാകും തന്ത്രി.
തന്ത്രിക്ക് ജാമ്യം ലഭിച്ചാല്‍ അത് എസ്‌ഐടിക്കും സര്‍ക്കാരിനും വലിയ തിരിച്ചടിയാകും. അതിനാലാണ് കേസുമായി തന്ത്രിയെ ബന്ധിപ്പിക്കാന്‍ പറ്റുന്ന തെളിവ് തേടി എസ്‌ഐടി കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. കട്ടിളപ്പാളി കേസില്‍ ജാമ്യം ലഭിച്ചാല്‍ ദ്വാരപാലക പാളി കേസില്‍ അറസ്റ്റുണ്ടായേക്കും.
















