കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗമായ കെ പി ശങ്കർ ദാസിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് എസ് ഐടിയോട് ഉറക്കെ ചോദിച്ച് ഹൈക്കോടതി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിവസം മുതല്‍ കെ പി ശങ്കര്‍ ദാസ് ആശുപത്രിയിലാണ്.
മകന്‍ എസ്പി ആയതിനാലാണോ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ശങ്കര്‍ ദാസിന്റെ മകന്‍ ഹരിശങ്കര്‍ കൊച്ചി സിറ്റി ഡിഐജിയാണിപ്പോള്‍. എന്തൊക്കെ അസംബന്ധങ്ങളാണ് കേരളത്തില്‍ നടക്കുന്നത്?. ഇതിനോടൊന്നും യോജിക്കാനാവില്ലെന്നും ഹൈക്കോടതി പ്രതികരിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആദ്യഘട്ട ജാമ്യ ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
കെ.പി. ശങ്കര്‍ ദാസ് പക്ഷാഘാതം വന്ന് ചികിത്സയിലായതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്ന് എസ് ഐടി കഴിഞ്ഞ ദിവസം വിശദീകരിക്കാന്‍ ശ്രമിച്ചിരുന്നു. ഇയാളുടെ രോഗം സത്യമാണോ എന്നറിയാന്‍ പ്രത്യേക അന്വേഷണ സംഘത്തെ എത്തിച്ച് പരിശോധന നടത്തിയിരുന്നു. രോഗം ശരിയാണെന്ന് സ്ഥിരീകരിച്ചതിനാലാണ് അറസ്റ്റ് ചെയ്യാതിരിക്കുന്നത്. ഇനി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ എസ് ഐടി എന്ത് ചെയ്യുമെന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും. ശബരിമലസ്ത്രീപ്രവേശന വിഷയം കത്തി നില്‍ക്കുമ്പോള്‍ സ്ത്രീപ്രവേശനത്തിനായി ഒരു സംഘത്തെ മലകയറ്റാന്‍ മുന്‍കയ്യെടുത്ത പൊലീസ് ഓഫീസര്‍ കൂടിയാണ് ഹരിശങ്കര്‍.
















