തിരുവനന്തപുരം: കൈക്കൂലി കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്ക് 6 വര്‍ഷം കഠിന തടവ്. ബാലരാമപുരം സ്വദേശിയും റിട്ട.ഡെപ്യൂട്ടി തഹസില്‍ദാറുമായ എച്ച്.എ അര്‍ഷാദിനെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി 6 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. 2012ല്‍ വിളവൂര്‍ക്കല്‍ വില്ലേജ് ഓഫീസറായിരിക്കെ തിരുവനന്തപുരം വാളിയോട്ടുകോണം സ്വദേശിയുടെ ഭാര്യയ്‌ക്ക് പിതാവ് ധനനിശ്ചയാധാരം ചെയ്ത് നല്‍കിയ 75 സെന്റ് സ്ഥലം പോക്കുവരവ് ചെയ്യാനായി 5000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ശിക്ഷ.
തിരുവനന്തപുരം വിജിലന്‍സ് സതേണ്‍ റേഞ്ച് മുന്‍ ഡി.വൈ.എസ്.പി ആര്‍. സുകേശനും വിജിലന്‍സ് സതേണ്‍ റേഞ്ച് പോലീസ് സൂപ്രണ്ട് ആര്‍.ജയശങ്കറും അന്വേഷണം നടത്തിയ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജ് എ മനോജ് ആണ് ശിക്ഷ വിധിച്ചത്. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വീണാ സതീശന്‍ ഹാജരായി.
















