ന്യൂദല്‍ഹി: ചരിത്രത്തില്‍ ഇന്ത്യയ്‌ക്ക് നിറയെ മുറിവേറ്റിട്ടുണ്ടെന്നും പഴയ തലമുറ പ്രതികരണ ശേഷിയില്ലാതെ നമ്മുടെ സംസ്കാരം ദുർബലമാകുന്നത് കണ്ട് നില്‍ക്കുകയായിരുന്നെന്നും ഇനി അത് പറ്റില്ലെന്നും പ്രതികാരബുദ്ധിയോടെ അന്തസ്സും ശക്തിയും പുനഃസ്ഥാപിക്കാന്‍ പുതിയ തലമുറ ശ്രമിക്കണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പക്ഷെ ഇത് പറഞ്ഞ അജിത് ഡോവലിനെതിരെ ചാടിവീഴുകയാണ് ജിഹാദികളും ലിബറലുകളും കമ്മ്യൂണിസ്റ്റുകളും. പഴയ തലമുറയെപ്പോലെ ഭാരതത്തിലുള്ളവര്‍ എല്ലാം കണ്ട് സഹിച്ചു നില്‍ക്കണമെന്ന മനോഭാവമാണ് ഇവര്‍ പുലര്‍ത്തുന്നത്.
അജിത് ഡോവലിനെതിരെ ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്തിയും അര്‍ഫയും സുഹാസിനി ഹൈദറും തല്‍വീന്‍ സിങ്ങും
ജിഹാദി നേതാവും ജമ്മുകശ്മീരിലെ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി ഉയര്‍ത്തിയ വിമര്‍ശനം ഇതാണ്: “ആന്തരികവും ബാഹ്യവുമായ ദുഷ്ടലക്ഷ്യങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കേണ്ട ചുമതലയുള്ള മിസ്റ്റർ ഡോവലിനെപ്പോലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥൻ, മുസ്ലീങ്ങൾക്കെതിരായ വിദ്വേഷം പ്രചരിപ്പിച്ച് കടുത്ത വര്‍ഗ്ഗീയതയോടെ സംസാരിച്ചത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. നൂറ്റാണ്ടുകളായി പഴക്കമുള്ള സംഭവങ്ങളിൽ ഇപ്പോള്‍ പ്രതികാരം ചെയ്യണമെന്ന ആഹ്വാനം വെറും ഒരു വിസിൽ മാത്രമാണ്, എല്ലാ വശങ്ങളിൽ നിന്നും ആക്രമണം നേരിടുന്ന ഒരു ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യമിടാൻ ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമായ യുവാക്കളെ പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹം. “.
ദി വൈര്‍ എന്ന ബിജെപി വിരുദ്ധ വാര്‍ത്തവെബ്സൈറ്റിലെ അര്‍ഫ ഖാനും ഷെര്‍വാണി പറയുന്നത് അജിത് ഡോവലിന് അരക്ഷിതാവസ്ഥയാണുള്ളതെന്നും ഇങ്ങിനെ ഒരാള്‍ രാജ്യത്തിന്റെ സുരക്ഷാഉപദേഷ്ടാവാകുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ്.
നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് സുഹാസിനി ഹൈദര്‍ എന്ന ലിബറല്‍ ജേണലിസ്റ്റ്. ഇന്ത്യയെ കോളനിയാക്കിയ പഴയ ശക്തികളോട് പ്രതികാരം ചെയ്യണമെന്നാണോ അജിത് ഡോവല്‍ പറയുന്നത്? നമ്മളെ കോളനിയാക്കിയ ബ്രിട്ടനോട് നമ്മള്‍ ഇപ്പോള്‍ പ്രതികാരം ചെയ്യണമെന്നാണോ ? അതോ ഇന്ത്യയെ പണ്ട് കോളനിയാക്കിയ ഉസ്ബെക്കിസ്താനോട് പകരം വീട്ടണമെന്നാണോ?- സുഹാസിനി ഹൈദര്‍ ചോദിക്കുന്നു.
ഇന്ത്യയിലേക്ക് വന്ന മുഴുവന്‍ പേരോട് പ്രതികാരം ചെയ്യണമെന്നാണോ അജിത് ഡോവല്‍ ആഹ്വാനം ചെയ്യുന്നതെന്ന് ലിബറല്‍ ചിന്താഗതിക്കാരിയായ ജേണലിസ്റ്റ് തല്‍വീന്‍ സിങ്ങ് ചോദിക്കുന്നു. ആരെയാണ് നമ്മള്‍ ആദ്യം ആക്രമിക്കേണ്ടത്? ഇന്ത്യയെ പണ്ട് ആക്രമിച്ച അഫ്ഗാനിസ്ഥാനെയോ, ഉസ്ബെക്കിസ്ഥാനെയോ അതോ തുര്‍ക്കിയെയോ?- തല്‍വീന്‍ സിങ്ങ് ചോദിക്കുന്നു.
പക്ഷെ അജിത് ഡോവല്‍ പറഞ്ഞത് ഇതൊന്നുമല്ലെന്ന് ഇവര്‍ക്കെല്ലാം അറിയാം. വെറുതെ വിവാദമുണ്ടാക്കി അജിത് ഡോവലിന്റെ പ്രതിച്ഛായ നശിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. വാസ്തവത്തില്‍ അജിത് ഡോവല്‍ എന്താണ് ഉദ്ദേശിച്ചത്?
അജിത് ഡോവല്‍ പറഞ്ഞതെന്താണ്?
“ഡെവലപ് ഇന്ത്യ” എന്ന പരിപാടിയില്‍ പ്രസംഗിക്കവേയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) അജിത് ഡോവൽ യുവാക്കള്‍ക്ക് പ്രചോദനം നല്‍കുന്ന രീതിയില്‍ ചില കാര്യങ്ങള്‍ സംസാരിച്ചത്. ഇന്ത്യയുടെ ചരിത്രം നിറയെ നമുക്ക് മുറിവേല്‍ക്കുകയാണ് ചെയ്തതെന്ന് അജിത് ഡോവല്‍ പറഞ്ഞു. വിദേശ ആക്രമണകാരികൾ ഇന്ത്യയെ കൊള്ളയടിച്ചു, അപമാനിച്ചു, നമ്മുടെ ഗ്രാമങ്ങൾ അവര്‍ കത്തിച്ചുകളഞ്ഞു. നമ്മുടെ നാഗരികതയെ നശിപ്പിക്കാൻ ശ്രമിച്ചു. നമ്മുടെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചു. എന്നാല്‍ പഴയ ഭാരതീയര്‍ എങ്ങിനെയാണ് ഇതിന് മറുപടി നല്‍കിയത്? അന്നത്തെ നമ്മൾ നിസ്സഹായരായി നിശബ്ദരായി ഇതെല്ലാം നോക്കിനില്‍ക്കുകയായിരുന്നുവെന്നാണ് അജിത് ഡോവല്‍ പറഞ്ഞത്. പക്ഷെ പുതിയ തലമുറം എന്താണ് ചെയ്യേണ്ടതെന്നും അജിത് ഡോവല്‍ ഈ പ്രസംഗത്തില്‍ യുവാക്കളെ ഉപദേശിച്ചു.
ഇന്നത്തെ ഓരോ ചെറുപ്പക്കാരനും “പ്രതികാര മനോഭാവം” ഉണ്ടായിരിക്കണമെന്നാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. “പ്രതികാരം” എന്നത് ഒരു നല്ല വാക്കല്ല, മറിച്ച് അത് തന്നെ ശക്തമായ ഒരു പദമാണെന്നും, ഒരു ജനതയെ വീണ്ടും ഉയിർത്തെഴുന്നേല്‍പിന് പ്രചോദിപ്പിക്കാന്‍ പ്രതികാരത്തിന് സാധിക്കുമെന്നും ഡോവൽ പറഞ്ഞു. പ്രതികാരബുദ്ധിയോടെ നമ്മള്‍ രാജ്യത്തിന്റെ പഴയ അന്തസ്സും ശക്തിയും പുനസ്ഥാപിക്കാന്‍ പരിശ്രമിക്കണമെന്നും അജിത് ഡോവല്‍ പറഞ്ഞു. “ഉയർന്ന മനോവീര്യവും കഴിവുള്ള നേതൃത്വമാണ് ഒരു രാഷ്‌ട്രത്തെ സ്വതന്ത്രവും ശക്തവുമാക്കുന്നത്. ലോകമെമ്പാടും നടക്കുന്ന യുദ്ധങ്ങളിലും സംഘർഷങ്ങളിലും, ചില രാജ്യങ്ങൾ തങ്ങളുടെ ഇച്ഛാശക്തി മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനും ഇത് നേടിയെടുക്കാൻ ബലപ്രയോഗം നടത്താനും ശ്രമിക്കുന്നുണ്ട്”.- അജിത് ഡോവല്‍ വിശദീകരിച്ചു.
“ഒരു രാഷ്‌ട്രത്തിന്റെ മനോവീര്യം തകർക്കാനും ശത്രുരാജ്യത്തിന്റെ നിബന്ധനകൾക്ക് അനുസൃതമായി ഉടമ്പടികളുണ്ടാക്കാനും ആണ് പലരും യുദ്ധങ്ങൾ നടത്തുന്നത്. പക്ഷെ ഒരു രാഷ്‌ട്രത്തിന് ഇച്ഛാശക്തി ഉണ്ടാകുമ്പോൾ, അതിന്റെ മനോവീര്യം വർദ്ധിക്കുന്നു, ഇതാണ് ആ രാഷ്ടത്തെ ശക്തവും സ്വതന്ത്രവുമാക്കുന്നത്.”- അജിത് ഡോവല്‍ പറഞ്ഞു.
താന്‍ ഉപയോഗിച്ച ‘പ്രതികാരം’ എന്ന വാക്കിനെ മറ്റാരും തെറ്റിദ്ധരിക്കാതിരിക്കാന്‍ അതിന് വിശദീകരണവും ഇതേ പ്രസംഗത്തില്‍ അജിത് ഡോവല്‍ നല്‍കിയിരുന്നു. “വ്യക്തിപരമായ പ്രതികാരത്തെയല്ല, മറിച്ച് ചരിത്രപരമായ തെറ്റുകൾ തിരുത്തി രാജ്യത്തിന്റെ നഷ്‌ടപ്പെട്ട വ്യക്തിത്വവും ശക്തിയും പുനഃസ്ഥാപിക്കുന്നതിനെ ആണ് പ്രതികാരം എന്നതുകൊണ്ട് ഉദ്ദേശിച്ചത്. നമ്മുടെ പഴയ ചരിത്രത്തിന് നമ്മള്‍ പ്രതികാരം ചെയ്യണം. അല്ലാതെ എല്ലാം കണ്ടും കേട്ടും സഹിച്ചുനില്‍ക്കുകയല്ല ഇനി വേണ്ടത്. ഒരു മഹത്തായ ഇന്ത്യയെ കെട്ടിപ്പടുക്കാൻ കഴിയുന്ന ഒരു സ്ഥാനത്തേക്ക് നമ്മുടെ രാജ്യത്തെ പുനഃസ്ഥാപിക്കുകയാണ് വേണ്ടത്. ഇന്ത്യയുടെ സംസ്കാരം വളരെ വികസിതമാണ്. നമ്മൾ ഒരിക്കലും ആരുടെയും ക്ഷേത്രങ്ങൾ നശിപ്പിച്ചിട്ടില്ല, എവിടെയും കൊള്ളയടിച്ചിട്ടില്ല, ഒരു വിദേശ രാജ്യത്തെയും ആക്രമിച്ചിട്ടുമില്ല.”- അജിത് ഡോവല്‍ പറഞ്ഞു. ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി തുടങ്ങിയ നേതാക്കളുടെ പോരാട്ടങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയ അദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ പ്രാധാന്യം മനസ്സിലാക്കാനും യുവാക്കളെ ഉപദേശിച്ചു.
മോദിയെ അഭിനന്ദിച്ച് അജിത് ഡോവല്‍
“കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ സ്വാഭാവിക വികസനത്തിലേക്ക് നയിച്ച മോദിയുടെ നേതൃത്വം രാജ്യത്ത് ഉണ്ടായിരിക്കുന്നത് നമ്മുടെ ഭാഗ്യമാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയ്‌ക്കുണ്ടായത് ദ്രുതഗതിയിലുള്ള പുരോഗതിയാണ്. മോദി ഇന്ത്യയെ കൈപിടിച്ചു കൊണ്ടുപോകുന്ന വേഗതയിൽ, അത് വികസിക്കുക തന്നെ ചെയ്യും. എന്നാൽ വികസിത ഇന്ത്യയെ ആര് നയിക്കും എന്നതാണ് ചോദ്യം? വികസിത ഇന്ത്യയുടെ നേതാക്കളാകാൻ യുവാക്കൾ തീരുമാനമെടുക്കണം. ഇന്ന് മാത്രമല്ല, ഭാവിയിലേക്കും അവര്‍ തീരുമാനങ്ങൾ എടുക്കണം. ദീർഘവീക്ഷണത്തോടെ തീരുമാനങ്ങൾ എടുക്കേണ്ടത് വളരെ പ്രധാനമാണ്.” മോദി പറഞ്ഞു.
















