തിരുവനന്തപുരം: ഇന്ന് വിവാഹം നടക്കാനിരിക്കെ വരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെ ശ്രീകാര്യം പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
പ്രണയ വിവാഹത്തിന് രാഗേഷിന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും എതിരായിരുന്നു. തുടര്‍ന്ന് ഇന്ന് അമ്പലത്തില്‍ വച്ച് താലികെട്ടി വിവാഹം റജിസ്റ്റര്‍ ചെയ്യാനായിരുന്നു തീരുമാനം. ഇതിനായി ചന്തവിളയിൽ വീടും വാടകയ്‌ക്ക് എടുത്തിരുന്നു. എന്നാല്‍ ഇന്നലെ രാത്രി ബന്ധുവീട്ടില്‍ പോയി മടങ്ങവേ രാഗേഷ് അപകടത്തില്‍പ്പെടുകയായിരുന്നു.
ചാര്‍ജ് ചെയ്ത് മടങ്ങുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസും രാഗേഷ് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു
















