തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം തുടങ്ങാന്‍ രണ്ടു നാള്‍ മാത്രം ബാക്കി നില്‍ക്കെ മത്സരത്തിലെ വിധി നിര്‍ണയങ്ങളില്‍ അഴിമതിയെന്ന പരാതി ശക്തമാകുന്നു. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും സംഘാടനവൈപുല്യം കൊണ്ടും ഏഷ്യയിലെ ഏറ്റവും വലിയ കലാമേള എന്ന് പേരെടുത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവം കേരളത്തിന്റെ അഭിമാനമാണ്.
എന്നാല്‍ കലോത്സവ വിധി നിര്‍ണയത്തിന് പിന്നിലെ വമ്പന്‍ അഴിമതിക്കഥകള്‍ ഞെട്ടിക്കുന്നതാണ്. വിധി നിര്‍ണയത്തിന്റെ മറവില്‍ മത്സരാര്‍ത്ഥികളില്‍ നിന്ന് നേരിട്ട് പണം ആവശ്യപ്പെടുകയാണ്.
ഉപജില്ല, ജില്ലാ കലോത്സവങ്ങളില്‍ ഈ പ്രവണത വ്യാപകമായിരുന്നു. സംസ്ഥാന കലോത്സവത്തിലും ഇതിന് മാറ്റമില്ല. ഗ്രൂപ്പ് ഇനങ്ങള്‍ ആണ് അഴിമതിക്കാരുടെ ടാര്‍ജറ്റ്. എട്ടും പത്തും പേര്‍ പങ്കെടുക്കുന്ന ഗ്രൂപ്പ് ഇനങ്ങളില്‍ ഒരാളില്‍ നിന്ന് 10,000 രൂപ വരെ വീതമാണ് ആവശ്യപ്പെടുന്നത്. ഇതിനായി പ്രത്യേക ഇടനിലക്കാരുമുണ്ട്. പരിശീലകര്‍ വഴിയും മറ്റുമാണ് രക്ഷകര്‍ത്താക്കളെ സമീപിക്കുന്നത്.
ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡും ഒന്നാംസ്ഥാനവും ലഭിക്കണമെങ്കില്‍ പണം നല്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി മലപ്പുറം ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത മത്സരാര്‍ത്ഥിയുടെ രക്ഷകര്‍ത്താവ് വെളിപ്പെടുത്തി. ഗ്രൂപ്പ് ഇനത്തിലായിരുന്നു മത്സരം. എട്ട് കുട്ടികളുണ്ടായിരുന്നു ടീമില്‍. ഒരാള്‍ക്ക് 5000 രൂപ വീതം നാല്പതിനായിരം രൂപ തന്നാല്‍ ഒന്നാം സ്ഥാനം നല്‍കാമെന്നായിരുന്നു ഓഫര്‍. പണം നല്കാനാവില്ല എന്നറിയിച്ചു. ഒന്നാം സ്ഥാനം ലഭിച്ചില്ലെങ്കില്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാനാവില്ല. അപ്പോള്‍ത്തന്നെ പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് രക്ഷകര്‍ത്താവ് പറയുന്നു. പണം കൊടുത്ത ടീമിന് ഒന്നാം സ്ഥാനം ലഭിച്ചെന്ന് പിന്നീടറിഞ്ഞു.
സംസ്ഥാന കലോത്സവത്തിലും പണപ്പിരിവ് തുടങ്ങിയതായാണ് വിവരം. പണം നല്‍കിയില്ലെങ്കില്‍ എ ഗ്രേഡ് ലഭിക്കില്ല എന്ന ഭീഷണിയുമുണ്ട്. പലപ്പോഴും സ്‌കൂള്‍ അധികൃതരും രക്ഷകര്‍ത്താക്കളും പണം നല്‍കി ഇതിനു വഴങ്ങുന്ന സാഹചര്യമാണ്.
ഭരണമുന്നണിയിലെ പ്രബലമായ അദ്ധ്യാപക സംഘടനയുടേയും മലബാറില്‍ ശക്തമായ പ്രതിപക്ഷ അദ്ധ്യാപക സംഘടനയുടേയും ചില നേതാക്കളും ഈ പണപ്പിരിവിന് ഒത്താശ ചെയ്യുന്നതായി ആക്ഷേപമുണ്ട്.
ജില്ലാ കലോത്സവങ്ങളിലും സംസ്ഥാന കലോത്സവത്തിലും വിധി നിര്‍ണയിക്കാന്‍ എത്തുന്നവര്‍ ഈ അദ്ധ്യാപക സംഘടനകളുടെ താല്‍പര്യക്കാരാണ്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ജില്ലാ കലോത്സവങ്ങളില്‍ ഇത്തരം ഇടപാടുകള്‍ നടന്നിരുന്നുവെന്ന് ജന്മഭൂമി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പലയിടത്തും ഇതേച്ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും യൂണിയന്‍ നേതാക്കള്‍ ഇടപെട്ട് ഒതുക്കിത്തീര്‍ക്കുകയായിരുന്നു. സംസ്ഥാന കലോത്സവവേദിയില്‍ ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് സംവിധാനമുണ്ടെങ്കിലും ഫലപ്രദമാകാറില്ല. ടീമുകള്‍ കലോത്സവ വേദിയിലെത്തുന്നതിന് മുന്‍പ് തന്നെ ഇടപാടുകാര്‍ അവരെ സമീപിക്കുന്നതിനാല്‍ വിജിലന്‍സ് സംഘത്തിന്റെ കണ്ണില്‍പെടില്ല.
















