ഭാരതത്തിന്റെ വളര്‍ച്ചയുടെ മഹാഗാഥ രചിക്കുന്നത് കാലികമായ ആശയങ്ങള്‍ക്ക് രൂപം നല്‍കുന്നവര്‍ തന്നെയായിരിക്കും. ഭാരതത്തിന് എങ്ങനെ കൂടുതല്‍ വേഗത്തില്‍ മുന്നേറാം, കാര്യക്ഷമവും സുതാര്യവുമായ ഭരണ സംവിധാനം എങ്ങനെ കൈവരിക്കാം, 2047-ഓടെ എങ്ങനെ വികസിത രാഷ്‌ട്രമാകാം എന്നതിനെക്കുറിച്ച്, യുവ ഭാരതീയര്‍ ആഴത്തില്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നു. ക്യാമ്പസുകളിലും ജനസമൂഹങ്ങളിലും, സ്റ്റാര്‍ട്ട്-അപ്പുകളിലും കായിക മൈതാനങ്ങളിലും, ക്ലാസ് മുറികളിലും ഗ്രാമസഭകളിലുമാണ് ആശയങ്ങള്‍ രൂപംകൊള്ളുകയും ശക്തിപ്പെടുകയും ചെയ്യുന്നത്. യുവജനങ്ങള്‍ക്ക് എന്തെങ്കിലും സംഭാവന ചെയ്യാന്‍ ഉണ്ടോ എന്ന ചോദ്യം ഇനി പ്രസക്തമല്ല; രാജ്യത്തിന്റെ ഭാവിപ്രയാണത്തെ സ്വാധീനിക്കാന്‍ തക്ക വിശ്വസനീയവും ശക്തവുമായ വേദി അവരുടെ ആശയങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. അത്തരം അര്‍ത്ഥവത്തായ വേദി ഒരുക്കുന്നതിനായാണ് വികസിത് ഭാരത് യുവ നേതൃസംവാദം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ യുവജന സംഖ്യയുള്ള രാജ്യമാണ് ഭാരതം. അതിനാല്‍ രാജ്യത്തിന്റെ ഭാവിയുടെ ദിശ നിര്‍ണയിക്കപ്പെടുന്നത് നയങ്ങളിലൂടെയോ സ്ഥാപനങ്ങളിലൂടെയോ മാത്രമല്ല. യുവ പൗരന്മാരുടെ സര്‍ഗ്ഗാത്മകത, ദൃഢനിശ്ചയം, ധൈര്യം എന്നിവയിലൂടെകൂടി ആയിരിക്കും. ഈ യുവശക്തി, ജനസംഖ്യാത്മക നേട്ടം മാത്രമല്ല; നൂതന ആശയങ്ങള്‍ക്ക് ഊര്‍ജം പകരാനും, ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും, സമഗ്രവും സുസ്ഥിരവുമായ വികസനത്തിലേക്ക് രാജ്യത്തെ നയിക്കാനും ശേഷിയുള്ള ദേശീയ സമ്പത്ത് കൂടിയാണ്.
യുവതലമുറയുടെ അഭിലാഷങ്ങളെ നയിക്കുന്നത് ശക്തമായ ലക്ഷ്യബോധവും അനന്തമായ സാധ്യതകളിലേക്ക് ചുവട് വയ്‌ക്കാനുള്ള ആത്മവിശ്വാസവുമാണ്. ഇന്നത്തെ യുവജനങ്ങള്‍ വ്യക്തിഗത പുരോഗതിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല; ഉത്തരവാദിത്തം ഏറ്റെടുക്കാനും അര്‍ത്ഥവത്തായ പരിവര്‍ത്തനം സൃഷ്ടിക്കാനും ഉള്ള ആഗ്രഹവും അവരെ തുല്യനിലയില്‍ പ്രചോദിപ്പിക്കുന്നു. അവരുടെ സര്‍ഗ്ഗാത്മകതയെ പരിഹാരങ്ങളാക്കി, ഊര്‍ജത്തെ നേതൃപാടവമായി, അഭിലാഷങ്ങളെ സേവനമായി മാറ്റാന്‍ കഴിയുന്ന അര്‍ത്ഥവത്തായ വേദികളാണ് അവര്‍ തേടുന്നത്.
ക്യാമ്പസുകളിലും ഗ്രാമീണ മേഖലകളിലും, കായിക വേദികളിലും, യുവജനങ്ങള്‍ നയിക്കുന്ന സാമൂഹിക സംരംഭങ്ങളിലുമെല്ലാം വ്യത്യസ്ത സാഹചര്യങ്ങളില്‍ യുവാക്‌ളുമായി ഇടപഴകാനുള്ള അവസരം യുവജനകാര്യകായിക മന്ത്രിയെന്ന നിലയില്‍ എനിക്ക് ലഭിച്ചിരുന്നു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് യുവജനങ്ങള്‍ എത്രമാത്രം ഗൗരവത്തോടെയും ഉത്തരവാദിത്വബോധത്തോടെയും ചിന്തിക്കുന്നു എന്നതാണ് ഇടപഴകലുകളിലെല്ലാം വ്യക്തമായത്. ഒരിക്കല്‍ ഗ്രാമങ്ങളില്‍ അനൗപചാരിക പഠനകേന്ദ്രങ്ങള്‍ സംഘടിപ്പിച്ചിരുന്ന ഒരു സംഘം ഗ്രാമീണ യുവ സന്നദ്ധപ്രവര്‍ത്തകരെ കണ്ടുമുട്ടിയത് ഓര്‍ക്കുന്നു. പരിമിതമായ വിഭവങ്ങള്‍ മാത്രമാണുണ്ടായിരുന്നതെങ്കിലും, ദൃഢവിശ്വാസത്തോടെയും പ്രതിബദ്ധതയോടെയും അവര്‍ വിദ്യാഭ്യാസത്തിലും നൈപുണ്യ വികസനത്തിലും ഉണ്ടായിരുന്ന പരിമിതികള്‍ പ്രാദേശിക സാഹചര്യങ്ങള്‍ക്ക് അനുഗുണമാം വിധം രൂപകല്‍പ്പന ചെയ്ത പരിഹാരങ്ങളിലൂടെ ഫലപ്രദമായി നികത്തുകയായിരുന്നു. അവരുടെ ആശയങ്ങള്‍ പ്രായോഗികവും യാഥാര്‍ത്ഥ്യങ്ങളില്‍ വേരൂന്നിയതുമായിരുന്നു. വ്യക്തമായ ഉത്തരവാദിത്തബോധത്താല്‍ നയിക്കപ്പെടുന്നതുമായിരുന്നു. ഇത്തരം അനുഭവങ്ങള്‍ ഒരു ലളിത സത്യം ഊട്ടിയുറപ്പിക്കുന്നു: യുവാക്കളെ വിശ്വസിച്ച് അവര്‍ക്കു അര്‍ഹമായ വേദിയും സ്വാതന്ത്ര്യവും നല്‍കുമ്പോള്‍, അവര്‍ നേതൃത്വം ഏറ്റെടുക്കുന്നു.
രാഷ്‌ട്രീയ പശ്ചാത്തലമില്ലാത്ത ഒരു ലക്ഷം യുവാക്കളെ പൊ
തുജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചുവപ്പ് കോട്ടയിലെ ആഹ്വാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, 2025 ജനുവരിയില്‍ വികസിത് ഭാരത് യുവ നേതൃസംവാദം ആരംഭിച്ചു. ദേശീയ യുവജനോത്സവത്തെ പൂര്‍ണ്ണമായും പുതിയ രൂപത്തിലേക്ക് പുനരാവിഷ്‌കരിക്കുന്ന ഒരു സംരംഭമായിരുന്നു ഇത്. പ്രതികരണം അഭൂതപൂര്‍വമായിരുന്നു: വികസിത് ഭാരത് ചലഞ്ചില്‍ 30 ലക്ഷത്തിലധികം യുവാക്കള്‍ പങ്കെടുത്തു, രണ്ട് ലക്ഷത്തിലധികം ഉപന്യാസങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു, ആയിരക്കണക്കിന് യുവാക്കള്‍ സംസ്ഥാന തലത്തില്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിച്ചു. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് യാത്ര അവസാനിച്ചത്. അവിടെ 3,000 യുവ നേതാക്കള്‍ പ്രധാനമന്ത്രിയുമായി സ്വതന്ത്ര സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. പ്രധാനമന്ത്രി അവരുടെ ആശയങ്ങള്‍ കേള്‍ക്കാനും, നേതൃത്വം ഏറ്റെടുക്കാന്‍ അവരെ പ്രചോദിപ്പിക്കാനും മണിക്കൂറുകളോളം ചെലവഴിച്ചു.
സംഖ്യകള്‍ക്കപ്പുറം, സംവാദത്തെ ചരിത്രപരമാക്കിയത് അതിന്റെ പങ്കാളിത്തത്തിന്റെ സ്വഭാവം തന്നെയായിരുന്നു. 2047-ലെ ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയിലെ യുവജനങ്ങളുടെ ശബ്ദങ്ങള്‍ പ്രധാനമാണെന്ന് ഇത് തിരിച്ചറിഞ്ഞു. ദേശീയ വെല്ലുവിളികളെ വിമര്‍ശനാത്മകമായി വിലയിരുത്താനും, പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും, വ്യക്തിഗത അഭിലാഷങ്ങളെ സാമൂഹിക ലക്ഷ്യങ്ങളുമായി ഏകോപിപ്പിക്കാനും യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചു. അഭിലാഷങ്ങളും പ്രവര്‍ത്തനങ്ങളും തമ്മിലുള്ള വിടവ് നികത്താന്‍ അവരെ സജ്ജമാക്കുകയും ചെയ്തു.
വികസിത് ഭാരത് യുവ നേതൃസംവാദത്തിന്റെ ശക്തി അതിന്റെ വ്യാപ്തിയില്‍ മാത്രമല്ല, രൂപകല്‍പ്പനയിലുമാണ്. ചിന്ത, ഭാഷ, സംസ്‌കാരം, ജീവിതാനുഭവം എന്നിവയുടെ വൈവിധ്യം ഈ സംരംഭത്തിന്റെ ഘടനയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. നഗര-ഗ്രാമ ഭേദമെന്യേ ഇന്ത്യയിലെ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, നൂതനാശയക്കാര്‍, ഗ്രാമീണ നേതാക്കള്‍ അടക്കമുള്ളവര്‍ ഒരു പൊതുവേദിയില്‍ ഒന്നിക്കുന്നു. സംവാദത്തിന്റെ വിവിധ ഘട്ടങ്ങള്‍ ആശയങ്ങളെ ചര്‍ച്ചയുടെയും അഭിപ്രായവിനിമയത്തിന്റെയും വഴിയിലൂടെ മെച്ചപ്പെടുത്തുന്നു; ഭൂമിശാസ്ത്രം, ഭാഷ, പശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തില്‍ അവയെ വേര്‍തിരിക്കുന്നില്ല. പങ്കാളിയാകുന്ന ഓരോ യുവാവിനും സ്വന്തം ശബ്ദം ഉച്ചത്തില്‍ ഉയര്‍ത്താനുള്ള വേദി സംവാദത്തിലൂടെ ലഭിക്കുന്നതായി അനുഭവപ്പെടുന്നു.
സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചു കൊണ്ട് ദേശീയ യുവജനദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് മണ്ഡപത്തില്‍ യുവജനങ്ങളുമായി നേരിട്ട് സംവദിച്ച്, അവര്‍ ഭാവി ഭാരതത്തെ എങ്ങനെ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നു എന്ന് കേള്‍ക്കുകയും, അവരുടെ ദര്‍ശനങ്ങളെയും ആശയങ്ങളെയും വിലയിരുത്തുകയും ചെയ്യും.
സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തിലേക്ക് നാം മുന്നേറുമ്പോള്‍, ധൈര്യപൂര്‍വ്വം ചിന്തിക്കാനും ആശയങ്ങളെ യഥാര്‍ത്ഥ പ്രവര്‍ത്തന ഉപാധികളാക്കി മാറ്റാനുള്ള ദൃഢനിശ്ചയം പുലര്‍ത്താനും കഴിയുന്ന യുവാക്കളെ രാജ്യത്തിന്റെ മുന്നേറ്റത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. സംഭാഷണത്തിനുള്ള വേദി എന്നതിലുപരി, യുവാക്കളെ മുന്നില്‍ നിന്ന് നയിക്കാനും, ദേശീയ വെല്ലുവിളികളെ നേരിടാനും, വികസിത ഭാരതം നിര്‍മ്മിക്കുന്നതിനായി അവരുടെ അഭിലാഷങ്ങളെ പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരാനും ആഹ്വാനം ചെയ്യുന്ന പ്രചാരണമാണ് വികസിത് ഭാരത് യുവ നേതൃസംവാദം.
നയിക്കാന്‍ ആത്മവിശ്വാസവും സേവിക്കാന്‍ പ്രതിബദ്ധതയും ഉള്ളവരിലൂടെ മാത്രമേ വികസിത ഭാരതം കെട്ടിപ്പടുക്കാനാകൂ. യുവതലമുറ ഇതിനായി സജ്ജമാണ്. അവര്‍ക്കൊപ്പം ചരിക്കാന്‍ രാജ്യവും തയ്യാറാകണം.
















