തിരുവനന്തപുരം : കേരളത്തില്‍ ബിജെപിക്ക് ജനപിന്തുണ വര്‍ദ്ധിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ അമിത് ഷാ.2026 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നതിന്റെ സൂചനയാണിത്.ഇന്ന് തിരുവനന്തപുരത്ത് ബിജെപി മേയര്‍ ഉണ്ട്. നാളെ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി ഉണ്ടാകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ വിജയം ഒരു നാഴികക്കല്ല് മാത്രമാണ്; കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും സംസ്ഥാനത്തെ വികസിതമാക്കുകയും ചെയ്യുക എന്നതാണ് ബിജെപിയുടെ പ്രാഥമിക ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. 30 ഗ്രാമപഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളും തിരുവനന്തപുരത്ത് മേയര്‍ സ്ഥാനവും നേടിയത് കേരളത്തിലെ ബിജെപിയുടെ വിജയരഥം ഇനി നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് തെളിയിക്കുന്നു.
തിരുവനന്തപുരത്ത് ബിജെപിക്ക് മേയര്‍ സ്ഥാനം ലഭിച്ചത് പ്രവര്‍ത്തകരുടെ പ്രത്യയശാസ്ത്രത്തോടും പോരാട്ടത്തോടും ത്യാഗത്തോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ ഫലമായിട്ടാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ദേശവിരുദ്ധ ശക്തികളില്‍ നിന്ന് സുരക്ഷിതവും വിശ്വാസം സംരക്ഷിക്കുന്നതുമായ ഒരു വികസിത കേരളം സൃഷ്ടിക്കാന്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ കഴിയില്ലെന്നും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് മാത്രമേ അതിന് കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
അപാര സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം.എന്നാല്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളി കേരളത്തെ നശിപ്പിച്ചു. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും തമ്മിലുള്ള അഴിമതി അടിസ്ഥാനമാക്കിയ ഒത്തുകളി കേരളത്തില്‍ അവസാനിക്കാന്‍ പോകുകയാണ്.
ജമാഅത്തെ ഇസ്ലാമി, പിഎഫ്‌ഐ, എസ്ഡിപിഐ എന്നീ ദേശവിരുദ്ധ ശക്തികളെ വോട്ട് ബാങ്കുകളാക്കി മാറ്റുകയാണ് എല്‍ഡിഎഫും യുഡിഎഫും. ഇവര്‍ക്ക് കീഴില്‍ കേരളത്തിന്റെ വികസനം സാധ്യമാകില്ല. അതിനാല്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാവേണ്ടതുണ്ട്. ശബരിമലയുടെ ഖജനാവ് സംരക്ഷിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരിന് കേരളത്തെയും സംരക്ഷിക്കാന്‍ കഴിയില്ല.
ലോകമെമ്പാടും കമ്മ്യൂണിസ്റ്റുകളെ തുടച്ചുനീക്കുകയാണ്.രാജ്യമെമ്പാടും കോണ്‍ഗ്രസും തുടച്ചുനീക്കപ്പെടുന്നു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നയം പ്രീണനമാണ്. അതേസമയം ബിജെപിയുടെ നയം ‘എല്ലാവര്‍ക്കും നീതി, ആരെയും പ്രീണിപ്പിക്കരുത്’ എന്നതാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
എറണാകുളത്ത് 600 ഹിന്ദുക്കളുടെയും 400 ക്രിസ്ത്യാനികളുടെയും 400 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡ് പിടിച്ചെടുത്തുവെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മൗനം പ്രീണനത്തിന്റെ വ്യക്തമായ പ്രതീകമാണെന്നും അമിത് ഷാ പറഞ്ഞു.
















