ആലത്തൂര്‍: പാലക്കാടിന്റെ കരുത്തും കാന്തിയും തെളിയിച്ച് കലയുടെ കനക കിരീടം കരിമ്പന നാട്ടിന്റെ ശിരസിലുറപ്പിക്കാനായി ബി.എസ്.എസ്.ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ജൈത്രയാത്ര 13 ന് തുടങ്ങും. കഴിഞ്ഞ വര്‍ഷം തൃശൂരിന്റെ കൈയില്‍ നിന്നും ഒരു പോയിന്റ് വ്യത്യാസത്തില്‍ നഷ്ടമായ കീരിടം ഇക്കുറി ഉറപ്പിക്കാനുള്ള പോരാട്ടത്തിലും ആവേശത്തിലുമാണ് ഗുരുകുലം സ്‌കൂള്‍.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ചാമ്പ്യന്‍മാരായ സ്‌കൂള്‍ 2017 മുതല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ചാമ്പ്യന്‍മാരാണ്. സംസ്‌കൃത വിഭാഗത്തിലും ജേതാക്കളാകാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂള്‍. 2025 മെ യ് മുതല്‍ ആരംഭിച്ച ചിട്ടയായ പരിശീലനം തന്നെയാണ് ഇതിന് ആത്മവിശ്വാസമേകുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 26 മത്സരങ്ങളിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 22 മത്സരങ്ങളിലും സംസ്‌കൃതോത്സവത്തില്‍ ഏഴ് മത്സര ഇനങ്ങളിലുമായി 161 വിദ്യാര്‍ഥികളാണ് കിരീട നേട്ടത്തിനായി പൂര നഗരിയിലേക്ക് തിരിക്കുന്നത്.
സംഘനൃത്തം പൂരക്കളി, പരിചമുട്ട്, വൃന്ദവാദ്യം, ചവിട്ടുനാടകം, യക്ഷഗാനം, മൂകാഭിനയം, തിരുവാതിരക്കളി, സ്‌കിറ്റ് ഇംഗ്ലീഷ്, മാര്‍ഗം കളി എന്നിങ്ങനെയുള്ള ഗ്രൂപ്പ് ഇനത്തില്‍ ആധിപത്യം ഉറപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് വിദ്യാര്‍ഥികളും പരിശീലകരും. അഷ്ടപദി,ഗാനാലാപനം, മാപ്പിളപ്പാട്ട്, തിരുവാതിരക്കളി സംസ്‌കൃതം സംഘഗാനം ഉള്‍പ്പടെ അഞ്ചിനങ്ങളില്‍ മത്സരിക്കുന്ന അനഘ പ്രസാദ്, നാടോടി നൃത്തം, കേരള നടനം, മോഹിനിയാട്ടം, സംഘനൃത്തം എന്നിവയില്‍ അമേയ. വി. പ്രമോദും തയ്യാറെടുത്തു കഴിഞ്ഞു. കൂടാതെ മൂന്ന് മത്സരങ്ങളില്‍ വീതം പങ്കെടുക്കുന്ന സജിന്‍ദാസും, എം.കെ ആരാധ്യയും പി.എസ് രംഗനാഥനും തയ്യാറായി കഴിഞ്ഞു.
കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നടന്ന കലോത്സവത്തി ല്‍ 1002 പോയിന്റ് നേടി കനകകീരീടം നേടിയ തൃശൂരിനെ അവരുടെ മണ്ണില്‍ പോയി
പരാജയപ്പെടുത്തി കിരീടം തിരിച്ചു പിടിക്കാമെന്ന സ്വപ്‌നത്തിലാണ് കരിമ്പനയുടെ നാട്ടുകാര്‍. 2016 ല്‍ തൃശൂരില്‍ നടന്ന കലോത്സവത്തില്‍ അതിനു മുമ്പ് കപ്പിനും ചുണ്ടിനുമിടയില്‍ കോഴിക്കോടില്‍ നിന്ന് നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിച്ചിരുന്നു. ആ ചരിത്രം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാലക്കാട്ടുകാര്‍.
കലോത്സവം തൃശൂരില്‍ ആയതിനാല്‍ യാത്രാ സൗകര്യവും താമസവും ബുദ്ധിമുട്ടിലാവില്ലെന്നതും ഇക്കുറി നേട്ടങ്ങള്‍ക്ക് കരുത്ത് പകരും. കലയെ ഉപയോഗിച്ച് ജാതിമത ചിന്തകള്‍ക്കെതിരെ ആനന്ദമാണ് ലഹരി, ആനന്ദമാണ് ജീവിതം, ആനന്ദമാണ് മതം എന്ന സന്ദേശം ഉയര്‍ത്തിയാണ് ഇക്കുറി ഗുരുകുലം വിദ്യാര്‍ത്ഥികള്‍ 13-ാം കിരീടത്തിനായി യാത്ര തിരിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഡോ. വിജയന്‍. വി. ആനന്ദ്, പി.ടി.എ പ്രസിഡന്റ് എ. സാബിര്‍ എന്നിവര്‍ പറഞ്ഞു.
















