തൃശൂര്‍ : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ സാംസ്‌കാരിക നഗരി പൂര്‍ണ്ണമായും ഒരുങ്ങിക്കഴിഞ്ഞു.
കലോത്സവവുമായി ബന്ധപ്പെട്ട് പാചകത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ട കുടിവെള്ളം തൃശൂര്‍ കോര്‍പ്പറേഷന്‍ ടാങ്കര്‍ ലോറികളില്‍ ലഭ്യമാക്കും. ഈ ദിവസങ്ങളില്‍ ഒരു മുടക്കവും കൂടാതെ വൈദ്യുതി വിതരണം നടത്തുന്നതിനുള്ള ഉത്തരവാദിത്വവും തൃശൂര്‍ കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നതായി മേയര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ ശുചീകരണത്തിനായി കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തികൊണ്ട് കലോത്സവം തീരുന്നത് വരെ ശുചീകരണത്തിന്റെ ഉത്തരവാദിത്വം കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നതായി മേയര്‍ പറഞ്ഞു .
കോര്‍പ്പറേഷന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹെല്‍പ്പ്‌ലൈന്‍ ഡെസ്‌കും കോര്‍പ്പറേഷന്‍ കണ്‍ട്രോള്‍ റൂമും തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയാണ്. വടക്കേചിറ സ്റ്റാന്‍ഡിനടുത്തുള്ള അഞ്ചാം സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസിലാണ് അത് പ്രവര്‍ത്തിക്കുക.
0487 2331629 എന്ന നമ്പറില്‍ ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെടാം. തെരുവ് വിളക്കുകള്‍ ഉള്‍പ്പടെയുള്ള വെളിച്ച സംവിധാനങ്ങള്‍, ഗതാഗതം, എമര്‍ജന്‍സി ഫയര്‍ ആന്റ് റെസ്‌ക്യൂ, ക്രമസമാധാനം എന്നീ കാര്യങ്ങളില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയതായും പ്രൈവറ്റ് ആശുപത്രികളുമായി ബന്ധപ്പെട്ട് എമര്‍ജന്‍സി ഹെല്‍ത്ത് കെയറിന് ആംബുലന്‍സുകള്‍ ലഭ്യമാക്കുമെന്നും എമര്‍ജന്‍സി മെഡിക്കല്‍ കെയറിന് ആവശ്യമായ മെഡിക്കല്‍ ടീമിനെ സജ്ജമാക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെട്ടതായും മേയര്‍ ഡോ. നിജി ജസ്റ്റിന്‍ അറിയിച്ചു.
സുരക്ഷയെ മുന്‍നിര്‍ത്തി തൃശൂര്‍ ടൗണില്‍ സ്റ്റേജുമായി ബന്ധപ്പെട്ട ഏഴ് സോണുകള്‍ക്ക് പുറമേ ട്രാഫിക് , ഭക്ഷണവും താമസവും, സ്‌ട്രൈക്കറുകള്‍, പാര്‍ക്കിംഗും ഹെല്‍പ്‌ഡെസ്‌കും ഉള്‍പ്പെടെ 11 പോലീസ് സോണുകളായി തിരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 1200 ലധികം പോലീസ് ഉദ്യോഗസ്ഥരേയും പത്തിലധികം ഡി വൈ എസ് പി മാരെയും 25ലധികം ഇന്‍സ്‌പെക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ പോലീസ് സുരക്ഷയുണ്ടാകും . കലോത്സവവുമായി ബന്ധപ്പെട്ട് മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും അവരുടെ കൂടെയുള്ളവര്‍ക്കുമായി ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും 24 മണിക്കൂറും പോലീസ് ഹെല്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. നഗരത്തില്‍ അറുപതിലധികം പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് ഇതെല്ലാം ബന്ധപ്പെടുത്തി എല്‍ എം വി വാഹനങ്ങള്‍ , ഹെവി വാഹനങ്ങള്‍ , ഇരു ചക്ര വാഹനങ്ങള്‍ എന്ന് തരം തിരിച്ച് ക്യു ആര്‍ കോഡോടു കൂടിയ റൂട്ട് മാപ്പ് പ്രസിധീകരിക്കും.
പിങ്ക് ഓട്ടോ സേഫ് ഓട്ടോ എന്ന സുരക്ഷിത യാത്ര പദ്ധതി ജനുവരി 12നു രാവിലെ ആരംഭിക്കും. യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ല എന്ന് പോലീസ് സ്ഥിരീകരിച്ച് പിങ്ക് സ്റ്റിക്കര്‍ പതിച്ച ഓട്ടോകളാണ് പദ്ധതിയുടെ ഭാഗമാകുക. എല്ലാ വേദികളിലും പോലീസ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. എല്ലാ അക്കോമഡേഷന്‍ സെന്ററുകളിലും പോലീസ് സുരക്ഷ ഉറപ്പാക്കും. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണത്തിനായി കേരളത്തിലുടനീളമുള്ള മഫ്ടി പോലീസ് സേവനം ലഭ്യമാക്കും. അതിഥികളായി എത്തുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി എസ് പി സി, എന്‍ സി സി, സ്‌കൗട്ട് ഗൈഡ് വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും . ആര്‍ക്കെങ്കിലും സഹായം ആവശ്യമാണെങ്കില്‍ സ്‌ട്രൈക്കറുമായി ബന്ധപ്പെട്ട് അത് ലഭ്യമാക്കും . പോലീസ് സഹായങ്ങള്‍ക്കായി 8086100100 എന്ന നമ്പറില്‍ ഹെല്‍പ് ലൈന്‍ സജ്ജമാക്കിയിട്ടുണ്ട്.
















