മട്ടാഞ്ചേരി: കൊച്ചിയിലെ ചായക്കടക്കാരന്‍ പരേതനായ വിജയന്റെ ലോക പര്യടനം ഇനി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ ആറാം തരം സ്‌കൂള്‍ സംസ്‌കൃതം ഭാഷാ പുസ്തകത്തില്‍ ‘ഹാ ഹിമാചലം’ തലക്കെട്ടില്‍ അഞ്ചാമത് അദ്ധ്യായമായാണ് വിഷയം പഠിപ്പിക്കുന്നത്. കൊച്ചി കടവന്ത്ര ബാലാജി ‘കഫേ’ ഉടമ വിജയനും ഭാര്യ മോഹനയും ചേര്‍ന്നുള്ള ലോകസഞ്ചാരത്തില്‍ 25ല്‍ ഏറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ജീവിതാഭിലാഷം പ്രകടമാക്കിയ വിവരണമാണ് സ്‌കൂള്‍ പാഠ്യവിഷയത്തിലുള്ളത്.
ചായക്കട നടത്തി ലക്ഷ്യം കൈവരിച്ച് ജീവിതത്തെ ആഹ്ലാദമാക്കുകയും കഠിന പ്രയത്‌നത്തില്‍ ജീവിതവിജയം നേടിയ പരിശ്രമത്തിന്റെ ഉള്ളടക്കം ‘വിജയനും മോഹനയും’ ചേര്‍ന്ന് ചായക്കടയിലുള്ള രേഖാചിത്രമാക്കിയത് സഹിതമാണ് വിവരണം. യാത്രാവിവരണ വിജയകഥ വിദ്യാര്‍ത്ഥികളില്‍ ഏറെ ആവേശം പകരുന്നതായി സംസ്‌കൃതം അദ്ധ്യാപകര്‍ പറയുന്നു. പ്രാദേശിക വിജയഗാഥകളെ പാഠ്യവിഷയമാക്കുന്ന സംസ്‌കൃത ഭാഷാ പഠനനയത്തിന്റെ ഭാഗമായാണ് കൊച്ചി ബാലാജി വിജയന്റെ ലോക സഞ്ചാരം പാഠ്യവിഷയമായതെന്ന് സംസ്‌കൃതം അദ്ധ്യാപിക ഷീബ പി.ബി. പറഞ്ഞു.











