കാസര്‍ഗോഡ്: കാസര്‍ഗോഡുള്ള സിപിഎം നേതാവ് തന്നെ മൂന്ന് പതിറ്റാണ്ടായി ഭീഷണിമുനയില്‍ നിര്‍ത്തി ലൈംഗികമായി പീഢിപ്പിക്കുന്നതായി പരാതിപ്പെട്ട് വീട്ടമ്മ. എന്‍മകജെ പെര്‍ളെയിലെ സിപിഎം നേതാവ് സുധാകരയ്‌ക്കെതിരെ വീട്ടമ്മ ഡിജിപിയ്‌ക്ക് തെളിവ് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു കൊലക്കേസ് പ്രതികൂടിയാണ് സൂധാകര.
1995 മുതല്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണ് സുധാകരയെന്നും അന്ന് തനിക്ക് 24 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും ഭീഷണിപ്പെടുത്തിയാണ് ഇതുവരെ ലൈംഗികചൂഷണം തുടര്‍ന്നതെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു. സുധാകര കൊല്ലക്കേസില്‍ ജയിലില്‍ കിടന്ന ആറ് വര്‍ഷം മാത്രമാണ് താന്‍ മനസ്സമാധാനത്തോടെ കഴിഞ്ഞതെന്നും വീട്ടമ്മ പറയുന്നു.
വിവാഹവാഗ്ദാനം നല്‍കിയാണ് 24ാം വയസ്സില്‍ തന്നെ ലൈംഗിമായി ചൂഷണം ചെയ്തത്. പിന്നീട് അയാള്‍ വേറെ വിവാഹം കഴിച്ചു. വീട്ടമ്മയും വേറെ വിവാഹം കഴിച്ചു. പക്ഷെ പിന്നീടും ഭീഷണിപ്പെടുത്തി തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നും വീട്ടമ്മ പരാതിപ്പെടുന്നു. ഭര്‍ത്താവിനെക്കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയാണ് പലപ്പോഴും തന്നെ വിളിച്ചുവരുത്തി പീഡിപ്പിച്ചതെന്നും വീട്ടമ്മ പറയുന്നു. കൊല്ലാന്‍ മടിയില്ലാത്ത ആളായതുകൊണ്ട് ഭയന്നാണ് ഇയാള്‍ വിളിച്ചയിടത്ത് ചെന്നിരുന്നതെന്നും വീട്ടമ്മ പറയുന്നു.
കന്നട മേഖലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ സോമശേഖരയുടെ ഡ്രൈവറായ ജബ്ബാറിനെയാണ് സുധാകര കൊലപ്പെടുത്തിയത്. സുധാകരയുടെ വീടാക്രമിച്ചതിന് പ്രതികാരമായി സോമശേഖരയുടെ വിവാഹത്തലേനാളാണ് സുധാകര ജബ്ബാറിനെ വകവരുത്തിയത്. കൊച്ചിയിലെ സിബിഐ കോടതി സുധാകരയെ ജീവപരന്ത്യം തടവിന് വിധിച്ചെങ്കിലും ആറ് വര്‍ഷത്തിന് ശേഷം ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി.
2018ല്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് ജയിലില്‍ നിന്നും പുറത്തുവന്ന ശേഷം സുധാകര സജീവമായിരുന്നില്ല. പക്ഷെ ഈയിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാര്‍ഡംഗമായി സുധാകര വിജയിച്ചിരുന്നു.ഹൈക്കോടതി വിധിക്കെതിരെ സോമശേഖര സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
















