അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കുശേഷം ഹൈപ്പര്‍സോണിക് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി മാറിയത് ഇന്ത്യയാണ് . ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യയില്‍ അസാധാരണ പദ്ധതികളുമായാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. വ്യത്യസ്തങ്ങളായ 12 തരം ഹൈപ്പര്‍സോണിക് ആയുധങ്ങളാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിക്കുന്നത്.
റഡാറുകൾക്ക് പോലും പിടികൊടുക്കാതെ കുതിക്കാൻ കെൽപ്പുള്ള സ്ക്രാംജെറ്റ് എൻജിന്റെപരീക്ഷണമാണ് ഡിആർഡിഒ ഇപ്പോൾ വിജയകരമായി പൂർത്തിയാക്കിയത്. ശബ്ദത്തേക്കാൾ അഞ്ചിരട്ടിയിലധികം വേഗത്തിൽ (ഹൈപ്പർസോണിക്) സഞ്ചരിക്കാൻ സഹായിക്കുന്ന അത്യാധുനിക എയർ ബ്രീത്തിങ് എൻജിനാണ് സ്ക്രാംജെറ്റ് (Supersonic Combustion Ramjet). സാധാരണ ജെറ്റ് എൻജിനുകളിൽ നിന്ന് വ്യത്യസ്തമായി, വായുവിനെ ഉള്ളിലേക്ക് വലിച്ചെടുക്കാൻ ഇതിൽ കറങ്ങുന്ന ഫാനുകളോ കംപ്രസ്സറുകളോ ഇല്ല. പകരം, വാഹനം അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ ഇരച്ചുകയറുന്ന അന്തരീക്ഷ വായുവിനെ ഉപയോഗിച്ച് ഇന്ധനം കത്തിക്കുകയാണ് ചെയ്യുന്നത്
ഹൈദരാബാദിലെ ഡിആർഡിഎൽ ലബോറട്ടറിയിൽ നടന്ന ഈ പരീക്ഷണം ഇന്ത്യയുടെ എയ്‌റോസ്‌പേസ് കരുത്ത് ലോകത്തിന് കാട്ടിക്കൊടുക്കുന്നതായിരുന്നു.ശബ്ദത്തിന്റെ 5 മടങ്ങ് വേഗതയിൽ (Mach 5+, ഏകദേശം 6100 km/h-ന് മുകളിൽ) സഞ്ചരിക്കാനും റഡാറുകൾക്ക് പോലും പിടികൊടുക്കാതെ ലക്ഷ്യങ്ങൾ തകർക്കാനും കഴിവുള്ള ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്കുള്ള സാങ്കേതികവിദ്യയിൽ ഇന്ത്യ മുന്നേറുകയാണ്.
മണിക്കൂറിൽ 6100 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്ക് വേണ്ടിയാണ് ഈ എൻജിൻ. ഈ വേഗത്തിൽ വരുന്ന മിസൈലുകളെ തടുക്കുക എന്നത് അസാധ്യമാണ്.ഈ നേട്ടത്തോടെ, ലോകത്തെ വിരലിലെണ്ണാവുന്ന വമ്പൻ ശക്തികളുടെ പ്രത്യേക ‘എലൈറ്റ് ക്ലബ്ബിൽ’ ഇന്ത്യയും ഇടംപിടിച്ചിരിക്കുകയാണ്.
















