കാസര്‍കോട്: സിപിഎം നേതാവിനെതിരെ ഗുരുതര ലൈംഗിക അതിക്രമ പരാതി. കോണ്‍ഗ്രസ് പവര്‍ത്തകനായ ജബ്ബാര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കുമ്പള മുന്‍ ലോക്കല്‍ സെക്രട്ടറിയും അദ്ധ്യാപക സംഘടനാ നേതാവും നിലവിലെ എന്മകജെ പഞ്ചായത്ത് അംഗവുമായ സുധാകരന്‍ മാസ്റ്റര്‍ക്കെതിരെയാണ് ലൈംഗികാരോപണ പരാതി ഉന്നയിച്ചിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടോളം ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തിയെന്നും ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി വിവാഹമോചനം നടത്തിയെന്നുമാണ് പരാതി. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകയും ഭര്‍തൃമതിയുമായ 45 കാരിയായ വീട്ടമ്മയാണ് ക്ലിപ്പിങ് ഉള്‍പ്പെടെയുള്ള തെളിവുകളുമായി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. വര്‍ഷങ്ങളായി ഇയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ച് വരികയാണെന്നും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു. പരാതിക്കാരിയെ മാത്രമല്ല കുടുംബത്തെയും ഇയാള്‍ ഭീഷണിപ്പെടുത്തി വരികയാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
സിപിഎം നേതാക്കള്‍ ഇടപെട്ടതിനാല്‍ കേസെടുക്കാനോ അന്വേഷണം നടത്താനോ പോലീസ് തയാറാകുന്നില്ലെന്നാണ് വീട്ടമ്മയുടെ പ്രധാന ആരോപണം. രാഷ്‌ട്രീയ തലത്തില്‍ വലിയ വിവാദമായിരിക്കെ പരാതിയില്‍ നിയമാനുസൃതമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. അതിനിടെ ലൈംഗിക അപവാദവുമായി ബന്ധപ്പെട്ട് സുധാകരനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സുധാകരന്‍ ഉള്‍പ്പെട്ട സിപിഎം കുമ്പള ഏരിയ കമ്മിറ്റിയിലെ മൂന്ന് നേതാക്കന്മാരെ ചുമതലപ്പെടുത്തി. 1995 മുതല്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്നും ഇപ്പോള്‍ പീഡനത്തിനു പുറമെ ഭര്‍ത്താവും മക്കളും അടങ്ങിയ കുടുംബം സുധാകരന്റെ വധഭീഷണി നേരിടുകയാണെന്നും കാണിച്ച് യുവതി ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.
















