ചരിത്രം പലപ്പോഴും വലിയ മാറ്റങ്ങളെ ഓര്‍ക്കുന്നത് ചെറിയ നിമിഷങ്ങളിലൂടെയാണ്. 1893 സെപ്റ്റംബറില്‍ ഷിക്കാഗോയിലെ ലോകമത സമ്മേളന വേദിയില്‍ സ്വാമി വിവേകാനന്ദന്‍ കയറിയ നിമിഷം അത്തരത്തില്‍ ഒന്നാണ്. അത് ഒരു പ്രസംഗം മാത്രമായിരുന്നില്ല; ഭാരതത്തിന്റെ ആത്മാവ് ലോകത്തോട് സംസാരിച്ച നിമിഷമായിരുന്നു അത്.
അന്നത്തെ അന്തരീക്ഷം വിചിത്രമായിരുന്നു. പാശ്ചാത്യ ലോകം കിഴക്കിനെ ‘അന്ധവിശ്വാസത്തിന്റെ നാട്’ എന്ന് വിശേഷിപ്പിച്ചിരുന്ന കാലം. കറുത്ത വസ്ത്രവും കുങ്കുമക്കുറിയും ധരിച്ച ഒരു യുവസംന്യാസി വേദിയിലേക്ക് കയറുമ്പോള്‍, പലരും സംശയത്തോടെയും ചിലര്‍ കൗതുകത്തോടെയും നോക്കി. എന്നാല്‍ ”അമേരിക്കയിലെ എന്റെ സഹോദരീസഹോദരന്മാരേ…’ എന്ന അഭിവാദനത്തോടെ അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോള്‍, ആ ഹാളിലെ ആയിരങ്ങള്‍ എഴുന്നേറ്റ് കൈയടിച്ചു.
ആ കൈയടി ഒരു മനുഷ്യനെ അംഗീകരിക്കുക മാത്രമായിരുന്നില്ല, ഒരു സംസ്‌കാരത്തെ മുഴുവന്‍ ആദരിക്കുകയുമായിരുന്നു.
ആ പ്രസംഗത്തില്‍ വിവേകാനന്ദന്‍ ഇന്ത്യയുടെ മതത്തെ മഹത്വവല്‍ക്കരിക്കുകയായിരുന്നില്ല. മറിച്ച് എല്ലാ മതങ്ങളും മനുഷ്യനെ സത്യത്തിലേക്കെത്തിക്കുന്ന വഴികളാണെന്ന് അദ്ദേഹം പറഞ്ഞു. മതം മനുഷ്യരെ വേര്‍തിരിക്കാനല്ല, ഒരുമിപ്പിക്കാന്‍ ഉള്ളതാണെന്ന് ഓര്‍മ്മിപ്പിച്ചു. ഈ സന്ദേശം മതസംഘര്‍ഷങ്ങള്‍ നിറഞ്ഞ ഒരു ലോകത്തിന് അത്യന്തം അവശ്യമായിരുന്നു.
നരേന്ദ്രനാഥ ദത്ത എന്ന നരേന്‍ 1863 ജനുവരി 12-ന് കൊല്‍ക്കത്തയില്‍ ഒരു ക്ഷത്രിയ കുടുംബത്തില്‍ ജനിച്ചു. അച്ഛന്‍ വിശ്വനാഥന്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും അമ്മ ഭുവനേശ്വരി ദേവി സുന്ദരിയും പ്രൗഢയും ഭക്തയുമായിരുന്നു. ഔപചാരിക വിദ്യാഭ്യാസമില്ലായിരുന്നെങ്കിലും ഭുവനേശ്വരി ദേവിക്ക് അത്ഭുതകരമായ ഓര്‍മ്മശക്തി ഉണ്ടായിരുന്നു. നരേനെ കൂടാതെ അവര്‍ക്ക് മൂന്ന് ആണ്‍മക്കളും നാലു പെണ്‍മക്കളും ഉണ്ടായിരുന്നു. അവരില്‍ രണ്ടു പേര്‍ ബാല്യത്തിലേ മരിച്ചു. കാഴ്ചയ്‌ക്കു നരേന്‍ അച്ഛനേക്കാള്‍ മുത്തച്ഛന്‍ ദുര്‍ഗ്ഗാചരണിനെ അനുസ്മരിപ്പിച്ചു . അദ്ദേഹത്തേ പോലെ നരേനും സംന്യാസിമാരോട് വലിയ അഭിനിവേശമായിരുന്നു. കുട്ടിക്കാലത്ത് വീട്ടില്‍ സംന്യാസിമാരാരെങ്കിലും വന്നാല്‍ നരേനെ മുറിയിലിടച്ചിടുമായിരുന്നു അല്ലെങ്കില്‍ വീട്ടിലുള്ളതെന്തും – അമ്മയുടെ വസ്ത്രങ്ങള്‍ വരെ എടുത്ത് അവര്‍ക്ക് കൊടുക്കും. ബാല്യം മുതല്‍ക്കേ നരേന് ഒരു അസാധാരണ സിദ്ധിയുണ്ടായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം തന്നെ അതേക്കുറിച്ച് വിവരിച്ചിതിങ്ങനെ: ”ഓര്‍മ്മയായ കാലം മുതല്‍ കണ്ണടച്ച് കിടന്നാലുടന്‍ വിസ്മയകരമായ ഒരു പ്രകാശബിന്ദു എന്റെ ഭ്രൂമദ്ധ്യത്തില്‍ കാണുമായിരുന്നു. ആ വിസ്മയ പ്രകാശബിന്ദുവിന്റെ നിറം മാറി മാറി വരികയും ഒരു ശുഭപ്രകാശം എന്നെ ആ പാദചൂഡം പൊതിയുകയും പിന്നീട് ബാഹ്യ ബോധം നഷ്ടമായി ഉറങ്ങുകയും ചെയ്യുമായിരുന്നു.” സമപ്രായക്കാര്‍ക്കിടയില്‍ നരേന്‍ പ്രസന്നനും ഉത്സാഹശാലിയും ആയിരുന്നു. നീന്തല്‍, മല്‍പ്പിടുത്തം, കുതിരസവാരി തുടങ്ങിയ കായികവിനോദങ്ങളില്‍ തത്പരനും ആയിരുന്നു. സംഗീതം ഇഷ്ടമായിരുന്ന നരേന്‍ മധുരമായി പാടുകയും സംഗീതോപകരണങ്ങള്‍ വായിക്കുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്നു.
ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി നരേന്‍ കൊല്‍ക്കത്താ പ്രസിഡന്‍സി കോളെജില്‍ വിദ്യാര്‍ത്ഥിയായി. വിപുല വായന ഉണ്ടായിരുന്ന അദ്ദേഹം പാശ്ചാത്യ തര്‍ക്കശാസ്ത്രവും തത്ത്വശാസ്ത്രവും യൂറോപ്യന്‍ രാജ്യങ്ങളുടെ ചരിത്രവും പഠിച്ചു. തികഞ്ഞ സസ്യഭുക്ക്. വെറും നിലത്ത് കിടപ്പ്. തികഞ്ഞ ബ്രഹമചാരി. ഒരിക്കല്‍ സുരേന്ദ്രനാഥ മിത്ര എന്ന ആള്‍ ഒരു സംഗീത വിരുന്നൊരുക്കുകയും, നരേന്‍ അവിടെ പാടുകയും ശ്രീരാമകൃഷ്ണദേവന്‍ അവിടെ അതിഥിയായെത്തുകയും ചെയ്തു. അന്നാണ് ശ്രീരാമകൃഷ്ണ ദേവന്‍ ആദ്യമായി നരേനെ കാണുകയും സംസാരിക്കുകയും ചെയ്തതത്. നരേന്റെ മുഖലക്ഷണം ശ്രദ്ധിച്ചപ്പോഴേ ഇവന്‍ തന്റെ ഭാവിശിഷ്യപ്രമുഖനെന്ന ഉത്തമ ബോധ്യം അദ്ദേഹത്തിന് ഉണ്ടായി. ദക്ഷിണേശ്വരത്തേയ്‌ക്ക് നരേനെ ക്ഷണിക്കുകയും ചെയ്തു. പില്‍ക്കാലത്ത് നരേന്റെ ആദ്യ സന്ദര്‍ശനത്തെക്കുറിച്ച് ശ്രീരാമകൃഷ്ണദേവന്‍ ഇങ്ങനെ വിവരിച്ചു:
‘ഗംഗയ്‌ക്ക് അഭിമുഖമായുള്ള പടിഞ്ഞാറെ വാതിലിലൂടെയാണ് നരേന്‍ വന്നത്. ബാഹ്യമായതൊന്നും ബാധിക്കാതെ നിസ്സംഗനായി കാണപ്പെട്ടു. ഗാഢധ്യാനത്തിലാഴ്ന്ന പോലെ തന്റെ ആത്മാവിന്റെ പൂര്‍ണതയില്‍ നിന്നെന്നപോലെ ഒരു ഗാനവും ആലപിച്ചു. അതുകേട്ട് എന്നെത്തന്നെ നിയന്ത്രിക്കാനാവാതെ ഞാന്‍ സമാധിയില്‍ മുഴുകി’.
സാക്ഷാല്‍ നാരായണാവതാരമായ നരനാരായണന്മാരിലെ നരന്‍ മനുഷ്യരാശിയുടെ യാതനകളും വേദനകളും നീക്കാന്‍ ഭൂമിയിലേക്ക് തിരിച്ചെത്തിയതാണ് നരേന്‍ എന്ന് ശ്രീരാമകൃഷ്ണദേവന്‍ കൂപ്പുകൈയോടെ പറഞ്ഞു. തുടര്‍ന്ന് നരേന്‍ ദേവന്റെ പാദങ്ങളില്‍ നമസ്‌ക്കരിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം നരേന്‍ വിവേകാനന്ദയാനതിനു ശേഷം വീണ്ടും ദക്ഷിണേശ്വരത്തെത്തി ശ്രീരാമദേവനെ സന്ദര്‍ശിക്കുകയും അദ്ദേഹം ദേഹത്ത് സ്പര്‍ശിച്ചപ്പോള്‍ വിവേകാനന്ദന് ദിവ്യാനുഭവമുണ്ടാവുകയും ചെയ്തു. ശ്രീരാമകൃഷ്ണദേവനെ തന്റെ ഗുരുവായി അദ്ദേഹം അംഗീകരിച്ചു. ഭാരതീയ ആത്മീയ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഗുരുശിഷ്യ ബന്ധങ്ങളില്‍ ഒന്നാണത്. സംശയവും വിശ്വാസവും യുക്തിയും അനുഭവവും മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു ആന്തരിക സംവാദമായിരുന്നു അവര്‍ നടത്തിയിരുന്നത്. ശ്രീരാമകൃഷ്ണദേവന്റെ ആത്മീയാനുഭവങ്ങള്‍ വിവേകാനന്ദനിലൂടെ സാമൂഹിക പ്രവര്‍ത്തനമായി മാറി. പിന്നീട് രാമകൃഷ്ണമിഷനായി രൂപപ്പെട്ടു. താന്‍ അകമേ ഭക്തനും പുറമേ ജ്ഞാനിയുമാണെന്ന് വിവേകാനന്ദന്‍ തന്നെ പറഞ്ഞിട്ടുണ്ട്. വിവേകാനന്ദന്‍ ഭക്തിയേക്കാള്‍ വിവേകത്തിനാണ് മുന്‍തൂക്കം നല്‍കിയത്.
അതിനാല്‍ രാമകൃഷ്ണ ദേവനും വിവേകാനന്ദനും രണ്ടു പേരല്ല – ഒരു ആത്മീയ പ്രസ്ഥാനത്തിന്റെ രണ്ടു ഘട്ടങ്ങളാണ്. ഒരാള്‍ ഉള്ളിലേക്ക് നോക്കി ദൈവത്തെ കണ്ടു. മറ്റൊരാള്‍ പുറത്തേക്ക് നോക്കി മനുഷ്യനില്‍ ദൈവത്തെ കണ്ടു.
ഓരോ വിവേകാനന്ദ ജന്മതിഥിയും നമ്മളെ ഓര്‍മ്മിപ്പിക്കുന്നത് ഓരോരുത്തരിലും ഒളിഞ്ഞിരിക്കുന്ന ആത്മീയ ബലത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ.്
















