തിരുവനന്തപുരം: കിണറ്റില്‍ വീണ ഗര്‍ഭിണി പശുവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കരയിലെത്തിച്ചു.വിഴിഞ്ഞത്ത് ആണ് സംഭവം. കരിമ്പള്ളിക്കര കുരിശടി മുറ്റത്തിന് സമീപം അന്താരാഷ്‌ട്ര തുറമുഖ കമ്പനി ഏറ്റെടുത്ത സ്ഥലത്തെ ഉപയോഗശൂന്യമായ കിണറ്റിലാണ് കഴിഞ്ഞ ദിവസം പശു വീണത്.
രണ്ടാള്‍ താഴ്ചയുള്ള കിണറാണിത്. പനവിളക്കോട് സ്വദേശി ഹരിയുടെ പശു ആണ് കിണറ്റില്‍ വീണത്. രാവിലെ മേയുന്നതിനായി കെട്ടിയ പശുവിനെ ഉച്ച തിരിഞ്ഞ് മുന്ന് മണിയോടെ അഴിക്കാന്‍ എത്തിയപ്പോഴാണ് കിണറ്റില്‍ വീണെന്ന് കണ്ടെത്തിയത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേന എത്തിയെങ്കിലും ഇടുങ്ങിയ കിണര്‍ ഉറകളില്‍ കുടുങ്ങിയ നിലയിലായതിനാല്‍ ഒന്നും ചെയ്യാനായില്ല.പിന്നാലെ തുറമുഖ കമ്പനിക്കാരുമായി ചര്‍ച്ച നടത്തി ജെസിബി എത്തിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലാണ് രാത്രി 9.30 ഓടെ പശുവിനെ സുരക്ഷിതമായി കരയ്‌ക്ക് കയറ്റിയത്.
















