തിരുവനന്തപുരം: ഇടതു നിരീക്ഷകനെന്ന പദവി രാജിവച്ചു. ഇനി മുതല്‍ രാഷ്‌ട്രീയ നിരീക്ഷകനാണെന്ന് അഡ്വ.ബി.എന്‍.ഹസ്‌കര്‍. ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട് ഇതുവരെ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചടച്ചെന്നും ഹസ്‌കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ സംസാരിക്കരുതെന്ന് കഴിഞ്ഞ ദിവസം ഹസ്‌കറിനോട് സിപിഎം നിര്‍ദേശിച്ചിരുന്നു.മുഖ്യമന്ത്രിയെയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ചാനല്‍ ചര്‍ച്ചയില്‍ അഡ്വ.ബി.എന്‍.ഹസ്‌കര്‍ വിമര്‍ശിച്ചിരുന്നു.പിന്നാലെ പാര്‍ട്ടി നിര്‍ദ്ദേശം വന്നതിനെ തുടര്‍ന്നാണ് തനിക്ക് ലഭിച്ച എല്ലാ സ്ഥാനങ്ങളും ആനുകൂല്യങ്ങളും തിരിച്ചേല്‍പ്പിച്ചതെന്ന് അദ്ദേഹം പരിഹാസ രൂപേണ പറയുന്നു.
ഔദ്യോഗിക വാഹനം, ഡ്രൈവര്‍, ഗണ്‍മാന്‍ എന്നീ സൗകര്യങ്ങള്‍ തിരികെ നല്‍കി. ഔദ്യോഗിക വസതി ഒഴിഞ്ഞെന്നും ഹസ്‌കര്‍ പരിഹസിച്ചു. വിമര്‍ശകര്‍ക്ക് മറുപടിയെന്നോണം പേടിച്ചു പോയെന്ന് പറഞ്ഞേക്കൂവെന്നും അദ്ദേഹം കുറിച്ചു.
വെളളാപ്പളളി നടേശന്‍ മുസ്ലീം ലീഗിനെതിരെ രംഗത്ത് വന്നതിനെ സി പി എം എതിര്‍ക്കാത്തതില്‍ ഹസ്‌കറിന് അതൃപ്തിയുണ്ടായിരുന്നു. പിന്നാലെ എ കെ ബാലന്‍, യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തരം ജമാ അത്തെ ഇസ്ലാമി ഭരിക്കുമെന്ന് പറഞ്ഞതിലും അവര്‍ ഭരിച്ചാല്‍ മാറാട് ആവര്‍ത്തിക്കുമെന്നും പറഞ്ഞതിലും വിയോജിപ്പുണ്ടായിരുന്നു. തുടര്‍ന്ന് ചാനല്‍ ചര്‍ച്ചയില്‍ എത്തി പാര്‍ട്ടിക്കെതിരെ പ്രതികരിച്ചതിനെയാണ് സി പി എം വിലക്കിയത്.
















