കൊല്‍ക്കത്ത: പ്രകൃതിയെ കാര്‍ന്നുതിന്നുന്ന പ്രവണതകളില്‍ നിന്നും പ്രതിലോമ ശക്തികളില്‍ നിന്നും വരുംതലമുറകളെ രക്ഷിക്കാന്‍ ജീവിതം സമര്‍പ്പിച്ച സാമൂഹിക പ്രതിബദ്ധതയുള്ള ശാസ്ത്രജ്ഞനായിരുന്നു ഗാഡ്ഗില്‍. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി അദ്ദേഹം നടത്തിയ പഠനങ്ങളും പോരാട്ടങ്ങളും നിത്യപ്രസക്തമാണ്.
2002ല്‍ ഭാരതീയ ജൈവവൈവിധ്യ നിയമത്തിന്റെ കരടും നീലഗിരി ജൈവമണ്ഡല സംരക്ഷിത പ്രദേശത്തിന്റെ പദ്ധതി രേഖ തയാറാക്കിയതും ഗാഡ്ഗിലാണ്. പരിസ്ഥിതി ഉള്‍പ്പെടെ പല വിഷയങ്ങളിലായി ഇരുന്നൂറിലേറെ ഗവേഷണ പ്രബന്ധങ്ങളും പത്തോളം പുസ്തകങ്ങളും രചിച്ചു. ദേശീയ പാരിസ്ഥിതിക ഫെലോഷിപ്, ശാന്തി സ്വരൂപ് ഭട്‌നാഗര്‍, വോള്‍വോ എന്‍വയോണ്‍മെന്റല്‍, ടൈലര്‍ പുരസ്‌കാരം, രാജ്യോത്സവ പ്രശാന്തി തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. അക്കാദമിക് ഗവേഷണത്തെയും അടിസ്ഥാന പരിസ്ഥിതി പ്രവര്‍ത്തനങ്ങളെയും വിജയകരമായി ബന്ധിപ്പിക്കുന്ന തരത്തില്‍ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക സമിതിയിലും നാഷണല്‍ ടൈഗര്‍ അതോറിട്ടിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
















