ന്യൂദല്‍ഹി: ആഗോളരാഷ്‌ട്രീയം ഭൗമരാഷ്‌ട്രീയവും കച്ചവടക്കണ്ണും ചേര്‍ന്ന് ദ്രുതഗതിയില്‍ മാറി മറിയുകയാണ്. വെനസ്വേലയുടെ ഭരണാധികാരി നിക്കോളാസ് മഡൂറോയെ ബന്ദിയാക്കി അമേരിക്കയിലേക്ക് കൊണ്ടുപോയ ട്രംപ് ഇപ്പോള്‍ വെനസ്വേലയുടെ എണ്ണഖനിയില്‍ കണ്ണുവെച്ചിരിക്കുകയാണ്. 30300 കോടി ബാരല്‍ അസംസ്കൃത എണ്ണ ഇപ്പോള്‍ വെനസ്വേലയില്‍ ഉണ്ട് എന്നാണ് കണക്കാക്കുന്നത്.
വെനസ്വേലയുടെ എണ്ണ സള്‍ഫര്‍ അധികമായുള്ള എണ്ണയായതിനാല്‍ കട്ടി കൂടുതലാണ്. ഇതില്‍ നിന്നും ഡീസല്‍ ആണ് കൂടുതലായി ലഭിക്കുക. ഇത് വേര്‍തിരിച്ചെടുക്കാന്‍ അത്യപൂര്‍വ്വമായ റിഫൈനിംഗ് സംവിധാനം ആവശ്യമാണ്. അമേരിക്കയില്‍ ഇത്തരത്തിലുള്ള നിരവധി ശുദ്ധീകരണശാലകള്‍ ഉണ്ട്. പക്ഷെ ഇവയ്‌ക്ക് കൈകാര്യം ചെയ്യുന്നതിനേക്കാള്‍ എത്രയോ മടങ്ങാണ് വെനസ്വേലയുടെ എണ്ണ സമ്പത്ത്. കുറഞ്ഞ കാലത്തിനുള്ളില്‍ ഈ വെനസ്വേലയുടെ എണ്ണയില്‍ നിന്നും ഡീസല്‍ വേര്‍തിരിച്ചെടുത്ത് വിവിധ ലോകരാഷ്‌ട്രങ്ങള്‍ക്ക് വിറ്റ് കാശാക്കുകയാണ് ഇപ്പോഴത്തെ ട്രംപിന്റെ അടിയന്തരലക്ഷ്യം.
30 ട്രില്യണ്‍ ഡോളര്‍ കടത്തില്‍ നട്ടം തിരിയുന്ന, ഡോളര്‍ മൂല്യം ദുര്‍ബലമായതിനാല്‍ ആടിയുലയുന്ന സമ്പദ് വ്യവസ്ഥയുള്ള അമേരിക്കയെ പഴയ പ്രതാപത്തിലേക്ക് മടക്കികൊണ്ടുവരാന്‍ നല്ലതുപോലെ സമ്പത്ത് ട്രംപിന് ആവശ്യമാണ്. അന്താരാഷ്‌ട്ര നീതിക്കൊന്നും വില നല്‍കാതെ ട്രംപ് വെനസ്വേലയെ കീഴടക്കിയത് ഈ എണ്ണയ്‌ക്ക് വേണ്ടിയാണ്.
ദ്രുതഗതിയില്‍ വെനസ്വേലയുടെ അസംസ്കൃത എണ്ണ വേര്‍തിരിച്ചെടുക്കണമെങ്കില്‍ ഇന്ത്യയിലെ റിലയന്‍സിന്റെ സഹായം ട്രംപിന് വേണ്ടിവരും. അത് ട്രംപിനും കൂട്ടര്‍ക്കും നന്നായി അറിയാം. ഈ അവസരം മുതലാക്കി അമേരിക്കയുമായി ഇന്ത്യയ്‌ക്ക് അനുകൂലമായ ഒരു വ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കാനാണ് മോദിയും ശ്രമിക്കുക. കാരണം സ്വന്തം രാജ്യതാല്‍പര്യത്തെ മറ്റെല്ലാറ്റിനും മുകളില്‍ സ്ഥാപിക്കുന്ന ചാണക്യതന്ത്രം തന്നെയായിരിക്കും ഇക്കാര്യത്തിലും മോദിയ്‌ക്ക് സ്വീകരിക്കേണ്ടിവരിക അങ്ങിനെയെങ്കില്‍ ഇന്ത്യയുടെ ഭാഗ്യം തെളിയും. റിലയന്‍സിന് ഇത് വലിയ ലോട്ടറിയായിരിക്കും.
റിലയന്‍സിന്റെ പടിഞ്ഞാറന്‍ ഗുജറാത്തിലുള്ള രണ്ട് റിഫൈനറികളില്‍ ദിവസേന 14 ലക്ഷം ബാരല്‍ അസംസ്കൃത എണ്ണ ശുദ്ധീകരിക്കാന്‍ സാധിക്കും. ഇത് നിസ്സാര അളവല്ല. കട്ടികൂടിയ വെനസ്വേലയുടെ മെറെ വിഭാഗത്തില്‍പ്പെട്ട അസംസ്കൃത എണ്ണ വരെ ഇവിടെ ശുദ്ധീകരിക്കാനാകും.
















